നല്ല പുത്തന്‍ നോട്ട് ബാങ്ക് ലോക്കറില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എടുത്ത് കൊണ്ടുവരുന്നത് കാണുമ്പോള്‍ ഒരിക്കല്‍ എങ്കിലും അതിലെ കുറച്ച് നോട്ട് കെട്ടുകളെങ്കിലും നമ്മുടെ കയ്യില്‍ വെറുതെ അവര്‍ക്ക് തന്നു കൂടെയെന്ന് തോന്നിയിട്ടില്ലേ ? അല്ല ഒന്ന് ചിന്തിച്ചാല്‍ അങ്ങനെ ചെയ്യുന്നതില്‍ വലിയ പ്രശ്നം ഒന്നും കാണുന്നില്ല, കാരണം ആ നോട്ട് കെട്ടുകള്‍ പിന്നീട് RBIയില്‍ നിന്ന് എടുത്താല്‍ പോരെ ? RBIക്ക് കുറച്ചുകൂടി നോട്ട് അച്ചടിക്കണം അത്ര അല്ലേ ഉള്ളൂ? കാര്യം തീര്‍ന്നില്ലേ ??
ഹും ! എന്നിട്ടും കാശും തരാതെ ലോക്കറില്‍ പൂട്ടി വെച്ചിരിക്കുകയാ, ദുഷ്ടന്‍മാര്‍ !!!!! അല്ല, ഇനി ശരിക്കും Reserve Bank of India(RBI)ക്ക് ഇങ്ങനെ സ്വന്ത ഇഷ്ട പ്രകാരം എത്ര ഇന്ത്യന്‍ രൂപ വേണേലും അച്ചടിക്കാന്‍ സാധിക്കുമോ ?
ഹും ! എന്നിട്ടും കാശും തരാതെ ലോക്കറില്‍ പൂട്ടി വെച്ചിരിക്കുകയാ, ദുഷ്ടന്‍മാര്‍ !!!!! അല്ല, ഇനി ശരിക്കും Reserve Bank of India(RBI)ക്ക് ഇങ്ങനെ സ്വന്ത ഇഷ്ട പ്രകാരം എത്ര ഇന്ത്യന്‍ രൂപ വേണേലും അച്ചടിക്കാന്‍ സാധിക്കുമോ ?
പിന്നെ !!! പുഷ്പം പോലെ സാധിക്കും, ഒരു ഒറ്റ രാത്രി കൊണ്ട് കോടികള്‍ അച്ചടിക്കണോ, അടിക്കാം. അല്ലെങ്കില്‍ അത്രയും അച്ചടിച്ച് കഷ്ടപ്പെടുന്നത് എന്തിന് , ഒരു കോടിയുടെ ഒരു സ്റ്റൈലന്‍ ഒറ്റ നോട്ട് ആക്കി അച്ചടിച്ചാല്‍ പോരെ, പിന്നെന്താ ദാ പിടിച്ചോ നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് ഒരു കോടിയുടെ ഇന്ത്യന്‍ രൂപ നോട്ട്. ഹാ!!!! ഇത്രേയുള്ളോ കാര്യം, ഇത് കൊള്ളാല്ലോ പരിപാടി !!.
അല്ല ഇതിന് കണക്കും കാര്യങ്ങളും ഒന്നും ഇല്ലേ എന്നായിരിക്കും ചിലര്‍ ഇപ്പോള്‍ മനസ്സില്‍ വിചാരിക്കുന്നത് ? പിന്നെ !! അതില്ലാതെ ഇരിക്കുമോ, പണമല്ലേ സാധനം! പക്ഷേ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ പറഞ്ഞ കണക്കും കാര്യങ്ങളുമൊക്കെ നോക്കുന്നത്, ആരാ ? ആരാ .! നമ്മുടെ സ്വന്തം ഇന്ത്യന്‍ ഗവണ്മെന്റ്, ഇനി ഈ നോട്ടുകളൊക്കെ അച്ചടിക്കാന്‍ അനുവാദം കൊടുക്കുന്നതോ? അതും നമ്മുടെ സ്വന്തം ഇന്ത്യന്‍ ഗവണ്മെന്റ്. പിന്നെ എത്ര നോട്ടുകളും പ്രിന്‍റ് ചെയ്യാന്‍ വല്ലോ പ്രയാസമുണ്ടോ ? അല്ല സ്വന്തം വീട്ടിലെ റബര്‍ പാല്‍ കൊണ്ട് എത്ര റബര്‍ ഷീറ്റ് അടിക്കണം എന്ന് ഞാന്‍ അല്ലേ തീരുമാനിക്കുന്നത് , അതിന് വേറെ വല്ലവരുടെയും ഓശാരം വേണോ? ഹും അത്രേയുള്ളൂ കാര്യം !
അല്ല , എന്നാല്‍ പിന്നെ ഇങ്ങനെ കുറേ രൂപ അച്ചടിച്ച് നേരെ വേള്‍ഡ് ബാങ്കില്‍ കൊണ്ട് പോയി നമ്മുടെ രാജ്യത്തിന്റെ കടം എല്ലാം അങ്ങ് തീര്‍ത്തു കൂടേ ? പിന്നെയും കുറച്ചു അച്ചടിച്ച് നമുക്കെല്ലാം വീതിച്ചു തന്നു കൂടെ ? പാവപ്പെട്ടവരെ പണക്കാരനാക്കി കൂടെ ? ശേ !! ഇതാണ് ഈ ഗവണ്മെന്റ് ഒന്നിനും ബുദ്ധിയുമില്ല, കാല്‍ കാശിന് കൊള്ളുകയില്ല എന്നൊക്കെ പറയുന്നത്. !!!
ഹമ്പട പുളുസൂ! അങ്ങനെ അങ്ങ് ചുളിവില്‍ വലിയ ബുദ്ധിമാന്‍ ആകേണ്ട, ഇത് ഒരിക്കലും സംഭവിക്കില്ല, അങ്ങനെ ഒരിക്കലും സംഭവിക്കാനും പാടില്ല!
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം , ഏതെങ്കിലും ഒരു രാജ്യത്തിന് കറന്‍സി കൂടുതല്‍ പ്രിന്റ് ചെയ്തു സമ്പന്ന രാജ്യമാവാന്‍ കഴിയുമോ? ഇല്ല, കാരണം ഈ പ്രവര്‍ത്തി ‘Inflation’ അഥവാ ‘നാണയപ്പെരുപ്പം’ എന്ന അവസ്ഥയില്‍ എത്തിക്കും, അത് ഒരു രാജ്യത്തിനെ ഭീമമായ കടത്തിലേക്ക് നയിക്കപ്പെടാനും കാരണമാകും . സാമ്പത്തിക ശാസ്ത്രത്തിന്‍റെ ഭാഷയില്‍, നാണയത്തിന്റെ മൂല്യം കുറയുകയും ചരക്കുകളുടെ വില വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് നാണയപ്പെരുപ്പം എന്ന് പറയുന്നത്.
നാണയപ്പെരുപ്പം വ്യക്തമായി മനസ്സിലക്കാന്‍ സാമ്പത്തിക ശാസ്ത്രത്തെ മാതൃകയാക്കി, ഒരു ഉദാഹരണ കഥ ആക്കി പറയാന്‍ ശ്രമിക്കാം.
താങ്കള്‍ ഒരു കര്‍ഷകന്‍ ആണെന്ന് കരുതുക. മാങ്ങയാണ് താങ്കളുടെ കൃഷി , രാവും പകലും എന്നില്ലാതെ കഷ്ടപ്പെട്ട് താങ്കള്‍ ഓരോ സീസണിലും 100 കിലോഗ്രാമിന് തുല്യമായ നല്ല രുചിയുള്ള മാങ്ങകള്‍ കൃഷി ചെയ്തു കൊയ്യും.
മാങ്ങകള്‍ മാത്രം കഴിച്ചു കൊണ്ട് ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല, താങ്കള്‍ക്കും മാങ്ങ മാത്രം കഴിച്ച് ജീവിക്കാനും താല്‍പര്യമില്ല. എന്നാല്‍ താങ്കളുടെ മാങ്ങ വളരെ രുചി ഉള്ളതിനാലും, മികച്ച ഒരു സീസണ്‍ ഫലം ആയതിനാലും ചുറ്റിനും ആവശ്യക്കാരും ഉണ്ട്. ഇത് മനസ്സിലാക്കിയ താങ്കള്‍ മാങ്ങകള്‍ക്ക് പകരം മറ്റ് എന്തെങ്കിലും, ഉദാഹരണത്തിന് ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ കൈമാറ്റം നടത്താന്‍ ആഗ്രഹിച്ചു. അങ്ങനെ ഗോതമ്പ് കൃഷി ചെയ്യുന്ന ഒരു കൂട്ടുകാരനുമായി താങ്കള്‍ ഈ കാര്യം സംസാരിച്ചു. നല്ല സമയം എന്ന് പറഞ്ഞാല്‍ മതിയെല്ലോ, അദ്ദേഹത്തിന് മാങ്ങകള്‍ വളരെ ഇഷ്ടം ആയിരുന്നു, അതിനാല്‍ താങ്കള്‍ 5 kg മാങ്ങയ്ക്ക് 10 kg ഗോതമ്പ് വാങ്ങിച്ചു . കുറച്ച് നാള്‍ കൂടി കഴിഞ്ഞപ്പോള്‍ 10 kg മാങ്ങ കൊടുത്ത് 20 kg ഗോതമ്പ് വാങ്ങിച്ചു, 6 മാസത്തേക്ക് താങ്കളുടെ കുടുംബത്തിന് മൊത്തം ആവശ്യമായത് ആയിരുന്നു അത്. ഈ ഒരു പരിപാടി നല്ല പോലെ ബോധിച്ചപ്പോള്‍, താങ്കളുടെ ചുറ്റുമുള്ള കൂട്ടുകാരുമായി സഹകരിച്ച് അരിയും , പച്ച കറികളും, മറ്റ് ഫലങ്ങളും ഇതേപോലെ കുടുംബത്തിന് ആവശ്യകതയുള്ളത് മാങ്ങകള്‍ക്ക് പകരം കൈമാറി .
ആറു മാസക്കാലം കഴിഞ്ഞു, ശീതകാലം വന്ന് തുടങ്ങി, താങ്കളുടെ മാങ്ങകളുടെ എണ്ണവും കുറയാന്‍ തുടങ്ങി. മാങ്ങകള്‍ കുറയുന്നതിനാല്‍ താങ്കള്‍ക്ക് കൂടുതല്‍ കൈമാറ്റങ്ങള്‍ നടത്താന്‍ കഴിയാതെ പോകുന്നു, കൈമാറ്റങ്ങള്‍ ഇല്ലാതെ എങ്ങനെ താങ്കള്‍ അടുത്ത 6 മാസക്കാലം ഗോതമ്പും മറ്റ് ധാന്യങ്ങളും ഒക്കെ കഴിക്കും ? മാങ്ങ അല്ലാതെ മറ്റൊന്നും താങ്കളുടെ കൈയില്‍ ഇല്ല ,അപ്പോള്‍ എന്ത് ചെയ്യും ?
കുറച്ച് നേരം ഇങ്ങനെ ആലോചിച്ചു ഇരുന്നപ്പോള്‍ ഒരു ബുദ്ധി തോന്നി, താങ്കള്‍ക്ക് ഏറ്റവും വിശ്വസ്തനായ ഗോതമ്പ് കൃഷിയുള്ള കൂട്ടുകാരനെ പോയി കണ്ടു, എന്നിട്ട് താങ്കള്‍ 10 kg ഗോതമ്പ് ചോദിച്ചു, പകരം ഇനി വരുന്ന വേനല്‍ കാലത്ത് ഉണ്ടാകുന്ന 5 kg മാങ്ങ തരാം എന്ന് ഉറപ്പു കൊടുക്കുന്നു. ആ കൂട്ടുക്കാരന്‍ ഒന്ന് ആലോചിച്ചുനോക്കി, ചില സംശയങ്ങള്‍ മനസ്സില്‍ ഉണ്ടായി, ഒരുപക്ഷേ മാങ്ങകള്‍ തിരികെ തരേണ്ട സമയത്ത് താങ്കള്‍ തന്നില്ലെങ്കിലോ ? അല്ലെങ്കില്‍ തരുന്ന മാങ്ങകള്‍ കേടു ഉള്ളവ ആണെങ്കിലോ? അല്ലെങ്കില്‍ മഴയുടെ ക്ഷാമം മൂലം മാങ്ങകള്‍ ഒന്നും ഉണ്ടാകാതെ ഇരുന്നാലോ ? പക്ഷേ, ഭാവിയില്‍ തനിക്കും ഇതേ അവസ്ഥ ഉണ്ടായാല്‍ താങ്കള്‍ സഹായിക്കും എന്ന് മനസ്സില്‍ കരുതി ഈ കൈമാറ്റത്തിന് സമ്മതിക്കുന്നു. കുറച്ച് പേര്‍ ഒഴികെ , ഇതേപോലെ മറ്റുള്ളവരുടെ പക്കല്‍ ഉള്ളതില്‍ നിന്ന് അവരുടെ സമ്മതത്തോടെ വാങ്ങിച്ചു. ഇപ്പോള്‍ താങ്കള്‍ നടപ്പിലാക്കിയത് ഒരു കൊടുക്കല്‍-വാങ്ങല്‍ സമ്പ്രദായം ആണ് (പഴയ ബാര്‍ട്ടര്‍ സമ്പ്രദായം) , ഇവിടെ ഒരു നാണയ വ്യവസ്ഥ / കറന്‍സി എന്നതിന് പകരം ഉല്‍പന്നങ്ങള്‍/ ചരക്കുകള്‍ കൊണ്ട് കൈമാറ്റം നടത്തി എന്ന് മാത്രം .
ഇപ്പോള്‍ താങ്കള്‍ കുറേ പേരുമായി പല സമയങ്ങളില്‍ പല വ്യവസ്ഥകള്‍ കൈമാറ്റങ്ങള്‍ നടത്തിയതിനാല്‍, എല്ലാം കൂടി ഒരേ സമയം കൈകാര്യം ചെയ്യാന്‍ സാധിക്കാതെ പോകുന്നു. ഇതിനു ഒരു ഉപായവും താങ്കള്‍ കണ്ടു പിടിച്ചു, ഓരോ സുഹൃത്തിനും താങ്കള്‍ താങ്കളുടെ ഒപ്പോടെ കൂടിയ ഒരു കടലാസ് കൊടുക്കുന്നു, അതില്‍ എത്ര മാങ്ങകള്‍ അവര്‍ക്ക് കൊടുക്കേണ്ടത് എന്ന് എഴുതിയിട്ട് ഉണ്ട്, ഈ കടലാസിനെ ഒരു സത്യപത്രമായി കണക്കാക്കാം. അടുത്ത വേനല്‍ കാലത്ത് താങ്കളുടെ അടുത്ത് വന്ന് ഈ സത്യപത്രം തിരികെ തരുമ്പോള്‍ അതില്‍ എഴുതിയിട്ട് ഉള്ള എത്ര മാങ്ങകളാണോ അത് താങ്കള്‍ കൊടുക്കും.
ഇങ്ങനെ സത്യപത്രങ്ങള്‍ എല്ലാം കൊടുത്തു കഴിഞ്ഞു കുറച്ചുകാലം സമാധാനമായി ജീവിക്കുമ്പോള്‍ ആണ്, കാലാവസ്ഥയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് അറിയുന്നത്. അതറിഞ്ഞപ്പോള്‍ തൊട്ടു താങ്കള്‍ക്ക് ഭയം തോന്നി തുടങ്ങി, ഒരു പക്ഷേ വരള്‍ച്ചയോ മറ്റോ മൂലം മാങ്ങകള്‍ ഒന്നും കിട്ടാതെ പോയെങ്കിലോ , അല്ലെങ്കില്‍ ഒരു പക്ഷേ പ്രതീക്ഷിച്ച അത്രയും മാങ്ങകള്‍ ലഭിച്ചു ഇല്ലങ്കിലോ. താങ്കളുടെ മുന്‍പില്‍ മറ്റ് വഴി ഒന്നും തെളിയുന്നില്ല, അതുകൊണ്ട് ആ നാട്ടിലെ വിവേകശാലിയായ ഒരു കുട്ടുകാരന്റെ അടുത്ത് പോയി ഒരു പോംവഴി തേടി. ഈ കൂട്ടുകാരന് മറ്റ് നാടുകളിലും പോയി നിരവധി കച്ചവടങ്ങള്‍ നടത്തിയിട്ട് ഉണ്ടായതിനാല്‍ കച്ചവടത്തെ കുറിച്ച് നല്ല അറിവുകള്‍ ഉണ്ടായിരുന്നു.
കൂട്ടുകാരന്‍ പറഞ്ഞു, താങ്കള്‍ വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല, താങ്കളെ ബാധിക്കാതെ എങ്ങനെ കച്ചവടം നടത്താന്‍ ഒരു രഹസ്യവും പറഞ്ഞു തന്നു. താങ്കളുടെ മാങ്ങകള്‍ക്ക് എപ്പോഴും നല്ല ആവശ്യക്കാര്‍ ഉണ്ട്, അതിനൊരു മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ താങ്കള്‍ കുറച്ച് മാങ്ങകള്‍ക്ക് കൂടുതല്‍ ഉല്പന്നങ്ങള്‍ക്ക് വിലപേശാനും സാധിക്കും, അങ്ങനെയാകുമ്പോള്‍ മാര്‍ക്കറ്റില്‍ താങ്കളുടെ മാങ്ങകളുടെ മൂല്യവും കൂടും.
കൂട്ടുകാരന്‍ പറഞ്ഞത് മനസ്സിലായി, പക്ഷേ ഇതെങ്ങനെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കും ? അടുത്ത വിളവെടുപ്പില്‍ എത്ര മാങ്ങകള്‍ കിട്ടുമെന്ന് അറിയാതെ എങ്ങനെ വിലപേശും ? കൂട്ടുകാരന്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു കഴിയും, ഒരു പുതിയ കച്ചവടം രീതി തുടങ്ങുക, അതിന് ആദ്യം 10 സത്യപത്രങ്ങള്‍ തയാറാക്കുക, ഈ 10 സത്യപത്രങ്ങള്‍ നിങ്ങളുടെ ഈ വിളവില്‍ ലഭിച്ച 100 % മാങ്ങകളുടെ വിളവെടുപ്പിനെ സൂചിപ്പിക്കുന്നു. ഇനി ഓരോ സത്യ പത്രത്തിനു ഒരു വില ഇടുക, ഉദാ: 100, അങ്ങനെ 10 സത്യപത്രങ്ങള്‍ക്ക് മൊത്തം 1000 വില. അപ്പോള്‍ 100 ന്‍റെ ഒരു സത്യപത്രം ഒരാളുടെ കൈവശം ഉണ്ടെങ്കില്‍ അദ്ദേഹത്തിന് താങ്കളുടെ വിളവെടുപ്പിലെ 10 % മാങ്ങകള്‍ സ്വന്തമാണ്. അതായത് അദ്ദേഹത്തിന് താങ്കളുടെ അടുത്ത വിളവെടുപ്പില്‍ എത്രത്തോളം മാങ്ങകള്‍ ലഭിച്ചോ അതിന്‍റെ 10% വരുന്ന മാങ്ങകള്‍( ഉദാ: 100 മാങ്ങകള്‍ക്ക് 10 മാങ്ങകള്‍) അദ്ദേഹത്തിന് നല്‍കണം. മറിച്ച് ഈ വിളവെടുപ്പില്‍ വരള്‍ച്ചയോ മറ്റ് പ്രതിസന്ധിയോ ഉണ്ടായി താങ്കളുടെ മാങ്ങകള്‍ കുറവുണ്ടായാല്‍, അദ്ദേഹത്തിന്‍റെ ഇഷ്ടം അനുസരിച്ച് ഈ വിളവെടുപ്പിനു പകരം ഇനി വരുന്ന വിളവെടുപ്പ് വരെ കാത്ത് നിന്ന അദ്ദേഹത്തിന്‍റെ പക്കലുള്ള സത്യപത്രം കൊടുത്ത് കൂടുതല്‍ മാങ്ങകള്‍ വാങ്ങിക്കാം. ഇനി മുതല്‍, താങ്കളുടെ സത്യപത്രത്തെ മാംഗോ കറന്‍സി (MC) എന്ന് വിളിക്കാം .
മാംഗോ കറന്‍സി (MC) രീതി ഉപയോഗിച്ചുള്ള കച്ചവടം താങ്കള്‍ നടപ്പിലാക്കാന്‍ തുടങ്ങി, ആ പരിസരത്ത് ലഭിക്കുന്നവയില്‍ ഏറ്റവും മാധുര്യവും, മേന്മയേറിയതുമായ മാങ്ങകള്‍ താങ്കളുടെ മാത്രം ആയിരുന്നതിനാല്‍, അവിടെയുള്ളവര്‍ എല്ലാം താങ്കളുടെ മാങ്ങകള്‍ തന്നെ എത്ര വിലകൊടുത്തു വാങ്ങാനും തയാര്‍ ആകുന്ന അവസ്ഥയായി. ഒരു സത്യപത്രത്തിനു വേണ്ടി കൂടുതല്‍ അളവില്‍ ഉത്‌പന്നങ്ങള്‍ തരാന്‍ തുടങ്ങി അപ്പോള്‍ ഒരാളുടെ കൈവശം തന്നെ ഒന്നില്‍ കൂടുതല്‍ MC എത്തിച്ചേര്‍ന്നു, അങ്ങനെ MC കുറച്ച് പേര്‍ക്ക് മാത്രമേ കൈവശം വെയ്ക്കാവുന്ന വിലയേറിയ ഒന്നായി. അങ്ങനെ ഉള്ളപ്പോള്‍ മാങ്ങ കഴിക്കാന്‍ ആഗ്രഹമുള്ള കുറഞ്ഞ വിളവെടുപ്പ് ലഭിക്കുന്നവര്‍ക്ക് MC സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സത്യത്തില്‍ ഇങ്ങനെയൊരു അവസ്ഥയും താങ്കളുടെ കച്ചവടത്തെ ബാധിക്കും, കാരണം MC താങ്കള്‍ക്ക് കൈമാറി മാങ്ങകള്‍ സ്വീകരിക്കുന്നതിനു പകരം, MCയുടെ വില കൂടുന്നതിനാല്‍ അത് കൈവശമുള്ളവര്‍ കൂടുതല്‍ നേരം കൈവശം വെയ്ക്കാന്‍ പ്രേരണയാവും. അങ്ങനെയാകുമ്പോള്‍ താങ്കള്‍ക്ക് മാങ്ങകള്‍ കൊടുത്ത് തീര്‍ക്കാന്‍ കഴിയാതെ, ചീഞ്ഞു പോയി ഒരു ഉപകാരവും ഇല്ലാതാകും, അത് താങ്കള്‍ക്ക് വലിയ നഷ്ടം വരുത്തും , അപ്പോള്‍ ഇനി മുതല്‍ താങ്കള്‍ക്ക് MCയുടെ വില കൂടാതെയോ കുറയാതെയോ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ആഗ്രഹിച്ചു.
ഇതിനു വേണ്ടി വീണ്ടും കൂട്ടുകാരന്‍റെ അടുത്ത് പോയി സഹായം ചോദിച്ചു, അദ്ദേഹം താങ്കളോട് കൂടുതല്‍ സത്യപത്രങ്ങള്‍ നിര്‍മിക്കുവാന്‍ പറഞ്ഞു, ഉദാഹരണത്തിന് 1000 വില വരുന്ന 10 സത്യപത്രങ്ങള്‍ കൂടി ആകുമ്പോള്‍ , മൊത്തം 2000 വിലയാവും താങ്കളുടെ വിളവെടുപ്പിന്‍റെ 100 % മാങ്ങകളെ സൂചിപ്പിക്കുന്നത്, അങ്ങനെ ആകുമ്പോള്‍ നേരത്തെ താങ്കളുടെ 100 വിലയുള്ള സത്യപത്രത്തിന്‍റെ ഉടമയ്ക്ക് ഉണ്ടായിരുന്ന 10 % മാങ്ങകള്‍ പകരം 5 % മാങ്ങകള്‍ മാത്രം വാങ്ങിക്കാന്‍ കഴിയുകയുള്ളൂ. അതായത് MCയുടെ മൂല്യം അതിന്‍റെ നേര്‍പകുതിയായി മാറിയിരിക്കുന്നു (ഇങ്ങനെയാണ് RBI രൂപയുടെ മൂല്യം നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നത്, മറിച്ചാണെങ്കില്‍ കച്ചവടം കുറയും, ഷെയര്‍ മാര്‍ക്കറ്റ് തകരും ,വാണിജ്യം ഇടിയും .രാജ്യം ദാരിദ്ര്യത്തില്‍ ആകും) മറ്റുള്ളവരും ഇങ്ങനെ പിന്തുടര്‍ന്നു, താങ്കള്‍ ഇപ്പോള്‍ ഈ കച്ചവട സമ്പ്രദായത്തിന്‍റെ മാതൃകയാണ്, ഇത് കൂടാതെ MCയുടെ മൂല്യം മറ്റ് കറന്‍സികളുമായി വില ഇടിയാതെയിരിക്കാന്‍ സത്യപത്രങ്ങളുടെ ലഭ്യത അനുസരിച്ച് നിലനിര്‍ത്താനും പഠിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ താങ്കള്‍ കച്ചവടം വിപുലീകരിക്കാന്‍ തീരുമാനിച്ചു, താങ്കള്‍ നെല്ല് കൃഷി വഴി, റൈസ് കറന്‍സി (Rice Currency, RC) ഉപയോഗിച്ച് കച്ചവടം ചെയ്യുന്ന ഒരു കൂട്ടുക്കാരന്റെ അടുത്ത് പോയി താങ്കളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന് നല്ല കച്ചവടം ഉണ്ട് കൂടാതെ കുറേ RCയും കയ്യില്‍ ഉണ്ട്, വിപുലീകരണത്തിന്‍റെ കാര്യം കേട്ടപ്പോള്‍, തന്‍റെ കയ്യില്‍ ഉള്ള RC പലിശ വ്യവസ്ഥയില്‍ തരാം എന്ന് സമ്മതിക്കുന്നു, കാരണം വെറുതെ RC കൈവശം വച്ചിരിക്കുന്നതിലും ഭേദം അതാണെല്ലോ .
RCയുടെ വില MCയുടെ വിലയേക്കാള്‍ കൂടുതലാണ്, താങ്കള്‍ക്ക് അദ്ദേഹം 500 RC തന്നു, മാര്‍ക്കറ്റില്‍ 500 RCയ്ക്കു 1000 MC ലഭിക്കും (മൊത്തം വിളവെടുപ്പിന്റെ എത്ര % എന്നത് ഇതിന് ബാധകമല്ല). ഈ കാശു കൊണ്ട് താങ്കള്‍ ബിസിനസ് വലുതാക്കി, പക്ഷേ താങ്കളുടെ വളരെ മോശം സമയം ആയതിനാല്‍ ആയിരിക്കാം ഈ പ്രാവശ്യം കച്ചവടം കുറഞ്ഞു, വലിയ് നഷ്ടം താങ്കള്‍ക്ക് ഉണ്ടായി. താങ്കള്‍ നിറയ സാധനങ്ങള്‍ RC കൊടുത്തു വാങ്ങിയിരുന്നു, പക്ഷേ അവയൊന്നും ആരും വാങ്ങിക്കാതെ താങ്കള്‍ നട്ടം തിരിഞ്ഞു. ഇപ്പോള്‍ താങ്കളുടെ കയ്യില്‍ 1000 MC മാത്രമേ ബാക്കി ഉള്ളൂ. 500 RC കൊടുക്കണം എങ്കില്‍ 1000 MC കൊടുക്കണം, അങ്ങനെ കൊടുക്കുകയാണെങ്കില്‍ ബാക്കി MC ഒന്നും താങ്കളുടെ കൈവശം കാണുകയില്ല, അപ്പോള്‍ താങ്കള്‍ കട കെണിയില്‍ ആകും.
ഇപ്പോള്‍ 2000 MC നിര്‍മിച്ചിട്ടു 1000 RC തിരികെ നല്‍കാന്‍ സാധിക്കും, പക്ഷേ കൂടുതല്‍ MC മാര്‍ക്കറ്റില്‍ വരുമ്പോള്‍ MCയുടെ വില ഇടിയും, അതും താങ്കളെ നഷ്ടത്തില്‍ ആക്കും. അത് കൂടാതെ താങ്കള്‍ക്ക് കള്ളത്തരം ഒന്നും ചെയ്യാനും ആഗ്രഹമില്ല, കാരണം ഇപ്പോള്‍ പല കറന്‍സികള്‍ ഉണ്ടായതിനാല്‍ കുറേ Auditorsല്‍ നിന്ന് അനുവാദം വാങ്ങിച്ചാല്‍ മാത്രമേ പ്രിന്റ് ചെയ്യാനും സാധിക്കൂ. അവരാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഓരോ കറന്‍സിയുടെ മൂല്യവും നിരീക്ഷിക്കുന്നതും.
ഇനി നിങ്ങള്‍ക്ക് ഒരേ ഒരു പോംവഴിയെ ഉള്ളൂ, പഴയത് പോലെ കഠിന അദ്ധ്വാനം ചെയ്തു കൂടുതല്‍ കൃഷി നടത്തുക, കൂടുതല്‍ മാങ്ങകള്‍ വിളവെടുക്കുക, അങ്ങനെ കൂടുതല്‍ MCയുടെ മൂല്യം വീണ്ടെടുക്കുക, അങ്ങനെ ലോണ്‍ അടച്ച് തീര്‍ക്കുക മറ്റൊന്നും ഇനി താങ്കളെ സഹായിക്കില്ല എന്ന് താങ്കള്‍ക്ക് ബോധ്യമായി...
ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായി എന്ന് വിശ്വസിക്കുന്നു, എത്ര കറന്‍സികള്‍ കൂടുതല്‍ അച്ചടിക്കുന്നോ അതേ നിരക്കില്‍ തന്നെ കറന്‍സിയുടെ മൂല്യവും ഇടിയും. ഇന്ത്യന്‍ രൂപ എന്നത് RBI പ്രിന്‍റ് ചെയ്യുന്ന സത്യപത്രം മാത്രമാണ്. നമ്മുടെ രാജ്യത്തില്‍ നടക്കുന്ന മൊത്ത കച്ചവടത്തിനും (കൃഷി, വ്യവസായം മുതലായവ) വിനിമയത്തിനും ആവശ്യമായ തുകയ്ക്ക് അനുസരിച്ച് ആയിരിക്കും എത്ര നോട്ടുകള്‍ പ്രിന്‍റ് ചെയ്യേണ്ടത് എന്ന് കണക്കാക്കുക. അതില്‍ കൂടുതല്‍ പ്രിന്‍റ് ചെയുന്ന ഓരോ കറന്‍സിയും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകും. കൂടാതെ വേള്‍ഡ് ബാങ്കില്‍ നിന്ന് നമ്മുടെ രാജ്യം എടുത്ത വായ്പ ഡോളറിലാണ് അടയ്ക്കേണ്ടത്, രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഒരു ഡോളര്‍ വാങ്ങിക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ വേണ്ടി വരും, അങ്ങനെയാകുമ്പോള്‍ 10 ലോറി നിറച്ചുള്ള രൂപയും കൊണ്ട് പോയാലും വായ്പ അടച്ചുതീര്‍ക്കാന്‍ കഴിയാതെ പോകും.