സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍-
ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?
ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്‍റെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളര്‍ അതായത് $1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും വില.
ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയില്‍ Oxfam.org എടുത്ത കണക്കെടുപ്പില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലോക സമ്പന്നരില്‍ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതില്‍ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കല്‍ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !.
ഇതാണ് ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാല്‍ സമ്പത്തിന്‍റെയും നിയന്ത്രണം മുഴുവന്‍, ഈ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും പണമായി തന്നെയാണ്, അപ്പോള്‍ സ്വാഭാവികമായി നമുക്ക് ചില സംശയങ്ങള്‍ തോന്നാം, എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവുന്നു ? ആരൊക്കെയാണ് ഇതിന്‍റെ കാരണക്കാര്‍ ?
ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക, ഒരുപക്ഷേ നിങ്ങള്‍ ഇതുവരെ വീക്ഷിച്ച ഒരു ലോകം ആവുകയില്ല ഇത് വായിച്ചതിന് ശേഷം നിങ്ങള്‍ വീക്ഷിക്കുന്നത്. നമ്മുടെ മനസ്സുകളില്‍ എപ്പോഴും ചോദിക്കുന്ന കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്,
‘എന്തുകൊണ്ട് പണക്കാര്‍ കൂടുതല്‍ പണക്കാരും, പാവപ്പെട്ടവരോ കൂടുതല്‍ പാവപ്പെട്ടവരും മാത്രമായി കൊണ്ട് ഇരിക്കുന്നു?’
‘സത്യത്തില്‍ ദാരിദ്ര്യം എന്തുകൊണ്ട് ഉണ്ടാകുന്നു?’
‘ഈ ലോകത്ത് നിന്ന് തന്നെ ദാരിദ്ര്യം തുടച്ചുനീക്കുവാന്‍ സാധിക്കുമോ?’
‘ലോകത്തിലെ ഏതെങ്കിലും സര്‍ക്കാരോ, സംഘടനകളോ, പാര്‍ട്ടികളോ ഈ ഒരു ദൌത്യം ആത്മാര്‍ഥമായി ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടോ?’
‘എങ്ങനെയാണ് ഈ പണക്കാര്‍ ഉണ്ടാകുന്നത് ?’
പണവുമായി ബന്ധപ്പെട്ട് എന്‍റെ മനസ്സിലും തോന്നിയ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ കുറച്ച് യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഈ ലേഖനം. ഇന്നത്തെ Monetary Policy അല്ലെങ്കില്‍ ഇന്നത്തെ സാമ്പത്തിക സമ്പ്രദായമാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഒരേ ഒരു ഉത്തരം. ഒരു സര്‍വ്വ സാധാരണക്കാരന്‍ എത്ര കെണഞ്ഞ് പരിശ്രമിച്ചാലും മനസ്സിലാക്കാന്‍ പറ്റാത്ത ഏതോ ഒരു വലിയൊരു സംഭവമായി ആണ് ഈ Economics, Monetary Policy, Banking System ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളും എന്നാണ് പൊതു ധാരണ, ആദ്യം അതാണ് പൊളിച്ചടുക്കേണ്ടത്, എന്താണ് ഇവിടെ നടക്കുന്നത് എന്ന് എല്ലാവരും അറിയണം, എന്താണ് സത്യം എന്ന് എല്ലാവരും മനസ്സിലാക്കണം.
ഞാനൊരു എകണോമിസ്റ്റോ , സാമ്പത്തിക പണ്ഡിതനോ, സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയോ ഒന്നുമല്ല, ഇത്രയും കാലം എന്‍റെ കണ്ണില്‍ നിന്ന് മാത്രമാണ് സാമ്പത്തിക സമ്പ്രദായത്തിനെ കുറിച്ച് ഞാന്‍ അറിഞ്ഞത്, എന്നാല്‍ ഒരു സാധാരണക്കാരന്‍റെ പക്ഷത്ത് നിന്ന് വീക്ഷിക്കുമ്പോള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍, കൂടുതല്‍ വെല്ലുവിളികള്‍ ഈ ലോകത്തില്‍ ഉണ്ടെന്ന് തെളിയുന്നതായി തോന്നി, കൂടാതെ എന്നിലെ നിസ്സഹായതയും അമര്‍ഷവും എന്‍റെ മനസ്സിനെ വലാതെ അലട്ടുകയും ചെയ്തു. എന്നിരുന്നാലും നമ്മള്‍ എല്ലാ വിവേകശാലികളായ മനുഷ്യരാണ് നമ്മളെ മൂഢന്‍മാര്‍ ആക്കി പാവ കളിപ്പിക്കുന്ന പോലുള്ള പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം. ഈ ചരിത്രകാലം ഒക്കെയും മനുഷ്യര്‍ എക്കാലവും ഏറ്റവും മികച്ചതിനും, സമത്വത്തിനു വേണ്ടിയും തളരാതെ പോരാടിയിട്ടുണ്ട്, അതുകൊണ്ടാണ് ഞാനും ഈ ലേഖനം എഴുതാന്‍ മുതിര്‍ന്നത്, എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ എല്ലാം എന്നാല്‍ കഴിയുന്ന രീതിയില്‍ ലഘൂകരിച്ചു ഇവിടെ പറയാന്‍ ശ്രമിക്കുകയാണ്, കൂടുതല്‍ പേരില്‍ യാഥാര്‍ത്ഥ്യങ്ങള്‍ എത്തിക്കാനായി ഉള്ള ഒരു എളിയ ശ്രമം.
(ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റുകള്‍ വരുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എങ്കില്‍ കൂടിയും തെറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ അത് പറഞ്ഞു തന്നു തിരുത്താനും കൂടുതല്‍ മികച്ചതാക്കാനും സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഇത് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പേരില്‍ എത്തിക്കാനുള്ള ശ്രമങ്ങളില്‍ പങ്ക് ചേരാനും അഭ്യര്‍ത്ഥിക്കുന്നു)
പണം എങ്ങനെ ഉണ്ടാകുന്നു , എവിടേക്ക് പോകുന്നു ?
നമ്മളെല്ലാം ഒരിക്കല്‍ എങ്കിലും ജീവിതത്തില്‍ പറഞ്ഞിട്ട് ഉള്ള ഒരു ക്ലിഷേ ഡയലോഗാണിത്, “ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍, കാശ് എടുത്ത് തരാന്‍, എന്‍റെ വീട്ടില്‍ അതിന് പണം കായ്ക്കുന്ന മരം ഒന്നുമില്ല” എന്ന്, പക്ഷേ സത്യത്തില്‍ ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തില്‍ മരം കായ്ക്കുന്നനേക്കാള്‍ വേഗത്തിലാണ് പണം ഉണ്ടാകുന്നത്. ഇന്നത്തെ കാലത്തെ പണം എങ്ങനെയാണ് ഉണ്ടാകുന്നതും ഇരട്ടിക്കുന്നതും എന്നും ഭൂരിപക്ഷ ആളുകള്‍ക്കും അറിയില്ല, അങ്ങനെ ഒരു അറിവ് ഉണ്ടാകാതെ ഇരിക്കാന്‍ വേണ്ടി ബോധപൂര്‍വം തന്നെ സര്‍ക്കാരും , കുത്തിട ബാങ്ക് മുതലാളിമാരും, സാമ്പത്തിക വിദഗ്ദ്ധരും വരുത്തിതീര്‍ക്കുന്നു എന്നതാണ് സത്യം .
1971-ല്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് (Gold Standard) സാമ്പത്തിക നയത്തിന് ശേഷം വന്ന ഫിയറ്റ് കറന്‍സി (Fiat Currency) എന്നറിയപ്പെടുന്ന സാമ്പത്തിക നയമാണ് ഇന്ത്യ ഉള്‍പ്പടെ ഈ ലോകത്തുള്ള ഭൂരിപക്ഷ രാഷ്ട്രങ്ങളുടെയും നിലവിലുള്ളത്. സത്യത്തില്‍ ഈ സാമ്പത്തിക നയമാണ് ഇന്നത്തെ പല സാമ്പത്തിക ശക്തികളെയും വളര്‍ത്തി വലുതാക്കിയത്. വികസിതരാജ്യങ്ങളില്‍ കേന്ദ്രീകരിച്ചുള്ള വലിയ തോതിലുള്ള പണത്തിന്‍റെ വരവിനാല്‍ സാമ്പത്തിക പുരോഗതി ഒക്കെ ഉണ്ടായെങ്കിലും, അതില്‍ നിന്ന് നേട്ടം നേടിയ മനുഷ്യര്‍ വളരെ ചെറിയതൊരു ശതമാനമേ ഉള്ളൂ എന്നു കൂടി കണക്കാക്കണം.
ഇന്നത്തെ ഈ ഫിയറ്റ് കറന്‍സി സമ്പ്രദായം മുഴുവനും മനസ്സിലാക്കാന്‍ കുറച്ച് പ്രയാസമാണ്, മറ്റൊന്നും കൊണ്ടല്ല ഓരോ സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും പുതിയ ഓരോരോ നയങ്ങള്‍ ഇറക്കും, അത് പഠിച്ച് പുതിയ രീതിയിലുള്ള കണക്ക് കൂട്ടുകളും നടത്തി വരുമ്പോഴേക്കും അടുത്തത് വരും അങ്ങനെ കാക്ക തൊള്ളായിരം നയങ്ങളാല്‍ കുഴഞ്ഞുമറിഞ്ഞ ഒരു സമ്പ്രദായമാക്കി തീര്‍ത്തതാണ് നമ്മുടെ സാമ്പത്തിക വിദഗ്ദ്ധര്‍.
അതുകൊണ്ട് നേരായിട്ടുള്ള വിവരണം ചെയ്യുന്നതിന് പകരം, ഈ സമ്പ്രദായത്തില്‍ അധികം അറിയപ്പെടാതെ പരസ്യമായി ചെയ്യുന്ന രഹസ്യ പ്രവര്‍ത്തനങ്ങള്‍ 6 ഘട്ടങ്ങള്‍ ആയി പറയാന്‍ ശ്രമിക്കുകയാണ്, കൂടാതെ എങ്ങനെ ഈ നയങ്ങള്‍ സാധാരണക്കാരനെ ബാധിക്കുന്നു എന്നും.
1. സര്‍ക്കാര്‍ കടപത്രങ്ങള്‍ നിര്‍മ്മിക്കുന്നു
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തിക നയവും (Monetary Policy) ഒരേ പോലെയാണ്, എന്നാല്‍ ഈ ലോകത്തിലെ മുഴുവന്‍ പണവും കണക്കില്‍ എടുത്താല്‍ അമേരിക്കയുടെ ഡോളറിന്‍റെ പങ്കാണ് ഏറ്റവും കൂടുതല്‍, അതിനാല്‍ തന്നെ ഡോളര്‍ ഉണ്ടാകുന്നു വഴിയാണ് ഇവിടെ പറയുന്നത്.
എല്ലാത്തിന്റെയും തുടക്കം രാഷ്ട്രീയ നേതാക്കളില്‍ നിന്നാണ്, തിരഞ്ഞെടുപ്പില്‍ ജയിക്കാനായി വാഗ്ദാനങ്ങള്‍ വാരി കോരി ജനങ്ങള്‍ക്ക് കൊടുത്ത് മോഹിപ്പിച്ചു വോട്ട് ചോദിക്കും, അവസാനം അവര്‍ ജയിച്ചു കഴിയുമ്പോള്‍, ഈ പറഞ്ഞ വാഗ്ദാനങ്ങള്‍ കുറച്ചെങ്കിലും നിറവേറ്റാന്‍ ഖജനാവില്‍ ഉള്ള പണത്തേക്കാള്‍ കൂടുതല്‍ പണം വേണ്ടിവരുന്നു, അതായത് ആ രാജ്യത്തിന്‍റെയോ/ സംസ്ഥാനത്തിന്‍റെയോ വരവിനേക്കാള്‍ കൂടുതല്‍ പണം ചെലവ് ചെയ്യേണ്ട അവസ്ഥ, ഇങ്ങനെ ചെലവ് ചെയ്യുന്നതിനെയാണ് ‘Deficit Spending’ അഥവാ ‘കടം വാങ്ങി ചെലവു ചെയ്യല്‍’ എന്ന് പറയുന്നത്.
ഇനി ഈ ഇല്ലാത്ത പണം എവിടെന്നെങ്കിലും ഉണ്ടാക്കണ്ടേ? അതിന് പണം അച്ചടിക്കണ്ടേ? ഈ പണം ഉണ്ടാക്കാന്‍ അല്ലെങ്കില്‍ അച്ചടിക്കാന്‍ വേണ്ടി സര്‍ക്കാറിന്റെ ബുദ്ധിയാണ് ട്രഷറി വഴിയുള്ള ‘ട്രഷറി ബോണ്ട്’ അല്ലെങ്കില്‍ ‘ട്രഷറി ബില്ല്’ വില്‍പ്പന. ഇനി എന്താണ് ഈ ബോണ്ട്/ബില്‍ ? ബോണ്ട് എന്ന് പറയുന്നത് ഒരു ഊതി വീര്‍പ്പിച്ച ‘കടപത്രം’ മാത്രം ആണ് , അതായത് ഒരു വര്‍ണ്ണ കടലാസില്‍ അച്ചടിച്ചിരിക്കുന്ന കുറച്ച് വരികള്‍ മാത്രം , അതില്‍ എഴുതിയിരിക്കുന്നതിന്റെ ചുരുക്കം ഇത്രേയുള്ളൂ
‘ഇപ്പോള്‍ എനിക്ക് 10 ട്രില്ല്യന്‍ ഡോളര്‍ വായ്പയായി തരുകയാണെങ്കില്‍ , 10 കൊല്ലം കഴിഞ്ഞു മുതലും പലിശയും ചേര്‍ത്തുള്ള തുക തിരികെ തരാം എന്ന് സത്യം ചെയ്യുന്നു’
പക്ഷേ ഒരു കാര്യം ഇവിടെ പറയാതെ വയ്യ, ഒരു രാജ്യത്തിന്‍റെ സര്‍ക്കാരിന് ബോണ്ടുകള്‍ വിറ്റഴിച്ച് ലഭിക്കുന്ന തുകയും രാജ്യത്തിന്റെ കട ബാധ്യതയുമായി തമ്മില്‍ ബന്ധമുണ്ട്. ഓരോ രാജ്യങ്ങളുടെ നയങ്ങള്‍ അനുസരിച്ച് കട ബാധ്യതകളുടെ തോതില്‍ വ്യത്യാസങ്ങള്‍ കാണും എന്നേ ഉള്ളൂ, ഇന്നത്തെ സാമ്പത്തിക ഭീമനായ അമേരിക്കയുടെ കാര്യം പറയുക ആണെങ്കില്‍ അവരുടെ GDP അതായത് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്കിനേക്കാള്‍ കൂടുതലാണ് അവരുടെ കട ബാധ്യത (GDP എന്നാല്‍ ഒരു രാജ്യത്ത് നിശ്ചിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ്), 2015ലെ കണക്കനുസരിച്ച് അമേരിക്കയുടെ കട ബാധ്യത $19.268 trillion അതായത് $19,268,000,000,000 തുകയാണ്, ഇത് അവരുടെ GDPയുടെ 102 % ആണ്. ഇനി ഇന്ത്യയുടെ കടം $0.84 trillion അതായത് $843,015,710,799 തുകയാണ്, ഇത് നമ്മുടെ GDPയുടെ 41% ശതമാനത്തോളം വരും.
ഇത്രയും വലിയ കടബാധ്യതകള്‍ ഒന്നും കണ്ട് നിങ്ങള്‍ പേടിക്കേണ്ട, ഏതോ ഒരു പരസ്യത്തില്‍ ആരോ ‘കറ നല്ലതിന്’ എന്ന് പറയും പോലെ ചില കോപ്പറേറ്റ് മുതലാളിമാര്‍ പറയും ‘കടം നല്ലതിന്’ എന്നേ പറയുക ഉള്ളൂ, കാരണം കടം ഉണ്ടെങ്കിലേ പണം ഉള്ളൂ, കടം ഇല്ലെങ്കില്‍ പണവും ഇല്ല! എന്താണ് ഇതിന്‍റെ ഗുട്ടന്‍സ് എന്ന് പിടി കിട്ടിയോ ? ഇല്ല അല്ലേ , സാരമില്ല നമുക്ക് പതിയെ മനസ്സിലാക്കി തുടങ്ങാം.
ബോണ്ട് വില്‍പ്പനയിലൂടെ സത്യത്തില്‍ സര്‍ക്കാര്‍ നമ്മുടെ ഭാവിയിലെ സമ്പാദ്യത്തില്‍ നിന്ന് മോഷ്ടിച്ച് ഇന്നത്തെ ചെലവുകള്‍ക്ക് ആയി നീക്കി വെക്കുകയാണ്. അതായത് വരവിനേക്കാള്‍ കൂടുതല്‍ ചെലവുകള്‍ നടത്താനായി സര്‍ക്കാര്‍ തന്നെ അറിഞ്ഞുകൊണ്ട് വരുത്തി തീര്‍ക്കുന്ന കട ബാധ്യതകളാണ് ഇവ മുഴുവന്‍, പക്ഷേ ഈ ബാധ്യതകള്‍ക്കും ചേര്‍ത്താണ് സര്‍ക്കാര്‍ നമ്മുടെ കയ്യില്‍ നിന്ന് കരങ്ങള്‍ വാങ്ങി അടച്ചു തീര്‍ക്കുന്നതും. ഇനി ഈ ബോണ്ടുകള്‍ സര്‍ക്കാര്‍ എങ്ങനെയാണ് വില്‍ക്കുന്നത് എന്ന് അറിയാമോ? ലേലം വഴി, ആര്‍ക്കായിരിക്കും വലിയ തുകകള്‍ കൊടുത്ത് ഇവ വാങ്ങിക്കാന്‍ കഴിയുന്നത് ? സംശയം വേണ്ട ബാങ്കുകള്‍ക്ക് തന്നെ, ലോകത്തിലെ തന്നെ വന്‍കിട ബാങ്കുക്കാര്‍ വന്ന് ലേലത്തില്‍ വന്‍ തുക മുടക്കി ഈ ബോണ്ടുകള്‍ വാങ്ങിക്കും, ഭാവിയില്‍ കിട്ടുന്ന മുതലും ചേര്‍ത്തുള്ള പലിശയാണ് ഇവരുടെ ലാഭം. ബാങ്കുകള്‍ മാത്രം അല്ല മറ്റ് ചിലര്‍ക്ക് ബോണ്ട് വില്‍പ്പനയില്‍ ഓഹരി കണക്കില്‍ വില്‍പനയുണ്ട് ഉണ്ട്, കുത്തക മുതലാളിമാര്‍ക്ക് ഇതില്‍ പങ്ക് ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇനി നമ്മുടെ രാജ്യത്തില്‍ ചില ട്രഷറി ബില്ലുകള്‍ ജനങ്ങള്‍ക്കും ചില പ്രത്യേക നിബന്ധനങ്ങളോടെ വാങ്ങിക്കാന്‍ കഴിയും എന്ന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്നത്. ഇനി ഇത്രയും കാശ് കൊടുത്ത് ബോണ്ട് വാങ്ങിക്കുന്ന ഇവര്‍ക്ക് മാത്രം ഇത്രമാത്രം കാശ് എവിടുന്ന് കിട്ടുന്നു എന്ന് നമുക്ക് നോക്കാം.
2. ബാങ്കുകള്‍ കടപത്രങ്ങള്‍ പണമാക്കി മാറ്റുന്നു
ലേലത്തില്‍ നിന്ന് വാങ്ങിച്ചെടുത്ത ഈ ബോണ്ടുകളുടെ ഭൂരിപക്ഷവും പ്രത്യേക കച്ചവട തന്ത്രത്തില്‍ കൂടി, ആ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കില്‍ കൊണ്ടുപോയി വില്‍ക്കും. അമേരിക്കയുടെ സെന്‍ട്രല്‍ ബാങ്കിനെ ‘ഫെഡ്’ എന്ന വിളിക്കപ്പെടുന്ന ‘ഫെഡറല്‍ റിസര്‍വില്‍ ’ (Federal Reserve) ആണ് വില്‍ക്കുന്നത്, ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പോലെയാണ് ഈ ഫെഡ്.
ഇനി ഫെഡ് ഈ ബോണ്ട് കൈയോടെ വാങ്ങിച്ച് വെച്ചിട്ട് പണത്തിനു പകരം ഒരു ‘ചെക്ക്’ അങ്ങ് എഴുതി കൊടുക്കും. ഈ ചെക്ക് ഒരു വലിയ തമാശയാണ് കേട്ടോ, എന്താണെന്നോ? ഇതൊരു ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് ‘വണ്ടി ചെക്കാണ്’, കാരണം ഈ ചെക്ക് എഴുതി തരുന്ന അക്കൌണ്ടില്‍ പ്രാബല്യത്തില്‍ ഒരു ഡോളര്‍ പോയിട്ട് ഒരു ഇന്ത്യന്‍ രൂപ പോലും എടുക്കാന്‍ കാണില്ല, എപ്പോഴും ‘0’ വട്ട പൂജ്യം ആയിരിക്കും ബാലന്‍സ്.
Boston Federal Reserve, 1984ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ ‘Putting it simply’ എന്ന പുസ്തകത്തിലെ വരികള്‍ ഇവിടെ ചേര്‍ക്കുന്നു. മലയാള പരിഭാഷ ഏകദേശം ഇങ്ങനെയാണ്
“ഞാനോ താങ്കളോ ഒരു തുകയ്ക്ക് ചെക്ക് എഴുതുമ്പോള്‍ നമ്മുടെ അക്കൌണ്ടില്‍ അതിന് തതുല്യമായ തുക ഉണ്ടായിരിക്കണം, പക്ഷേ ഫെഡറല്‍ റിസര്‍വ് ചെക്ക് എഴുതുമ്പോള്‍ ആ അക്കൌണ്ടില്‍ ഒരു ബാങ്ക് ഡിപ്പോസിറ്റും കാണുകയില്ല. ഫെഡറല്‍ റിസര്‍വ് ചെക്ക് എഴുതുമ്പോള്‍, അവിടെ പണം ഉണ്ടാവുകയാണ് ”
പണം ഉണ്ടാവുകയോ ? അതെങ്ങനെ, ബോണ്ടിന് പകരം ഫെഡ് ബാങ്കുകള്‍ക്ക് കൊടുക്കുന്ന ചെക്കില്‍ എഴുതുന്ന തുക ആ നിമിഷം പണമായി മാറുകയാണ്, അതായത് ആ ബാങ്കിന് ആ ചെക്കില്‍ കാണിക്കുന്ന അത്രയും തുകയുടെ പേപ്പര്‍ കറന്‍സി സര്‍ക്കാര്‍ വഴി പ്രിന്‍റ് ചെയ്ത് കാശാക്കാം, അവരുടെ സ്വന്തം പണമാണ് അത്.
ഇത് കേള്‍ക്കുമ്പോള്‍ വായുവില്‍ നിന്ന് ഭസ്മം ഉണ്ടാക്കുന്ന പോലെ നൊടിയിടയില്‍ ആണോ പണം ഇവിടെ ഉണ്ടാകുന്നത് എന്ന് തോന്നിയോ. ആ തോന്നല്‍ തല്‍ക്കാലം അവിടെ തന്നെ ഇരിക്കട്ടെ, ബാക്കി കൂടി കേള്‍ക്ക്, ഈ കിട്ടിയ പണം ഉപയോഗിച്ചു ബാങ്കുകള്‍ അടുത്ത ലേലത്തിലും പോയി പങ്കെടുത്തു വീണ്ടും ട്രഷറിയില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങിക്കുകയും കാലങ്ങളോളം ഈ പരിപാടി തുടര്‍ന്നുകൊണ്ടു ഇരിക്കുകയും ചെയ്യും (നേരത്തെ ലേലത്തില്‍ വാങ്ങിച്ച തുകയും ഇതേപോലെ തന്നെ ഉണ്ടായ പണമാണ്). ഇനി ഈ പറയുന്ന ഫെഡറല്‍ റിസര്‍വിന്‍റെ ചെക്കും നമ്മള്‍ ഉപയോഗിക്കുന്ന സാധാരണ ബാങ്ക് ചെക്കും ഒന്നാണോ? അതേ രണ്ടും ഒന്ന് തന്നെ, പക്ഷേ ഉപയോഗം മറ്റൊന്നാണ് എന്ന് മാത്രം, ഈ ചെക്ക് നേരത്തെ പറഞ്ഞ കടപത്രം പോലെ തന്നെയാണ്, ബോണ്ടുകള്‍ വാങ്ങിച്ചതിന് ഞങ്ങള്‍ തരുന്ന ഉറപ്പ് എന്ന് കുറച്ച് വരികളില്‍ എഴുതിയ ഒരു കടലാസ്സ്.
ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക, കാരണം ഈ സമ്പ്രദായം കൊണ്ട് നമ്മളേ പോലുള്ള സാധാരണക്കാരനെ എങ്ങനെ ഇത് നിത്യ ജീവിതത്തില്‍ വളരെയധികം ബാധിക്കുന്നു എന്നുള്ളതാണ് തുടര പറയുന്നത്. അതുകൊണ്ട് ഇതുവരെ പറഞ്ഞത് ഒന്നുകൂടി ചുരുക്കി പറയാം.
ആദ്യം ട്രഷറി ബോണ്ടുകള്‍ അഥവാ കടപത്രങ്ങള്‍ അടിച്ചിറക്കുന്നു, ലേലത്തിലൂടെ ലോകത്തിലെ ഒരു മുന്‍നിര ബാങ്ക് അവ വാങ്ങിച്ച് പകരം സര്‍ക്കാരിന് ചെലവിനുള്ള പണം കൊടുക്കുന്നു. ബാങ്ക് ഈ ബോണ്ടുകള്‍ കൊണ്ട് പോയി ആ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കില്‍ (ഫെഡില്‍) കൊടുത്ത് പകരം ചെക്ക് (മറ്റൊരു കടപത്രം എന്നും പറയാം) വാങ്ങിക്കുന്നു. അതായത് ട്രഷറിയും ഫെഡും അങ്ങോട്ടും ഇങ്ങോട്ടും ബാങ്കിനെ മധ്യസ്ഥന്‍ ആക്കി കടപത്രങ്ങള്‍ കൈമാറുന്നു പക്ഷേ ഈ കൈമാറ്റത്തിനു ഇടയില്‍ ഒരു മാജിക് പോലെ പണവും ഉണ്ടാകുന്നു എന്ന് മാത്രം. ഈ പരിപാടി സര്‍ക്കാരിന് പണം വേണ്ടപ്പോള്‍ ഒക്കെ ആവര്‍ത്തിച്ചു നടന്നുകൊണ്ടേ ഇരിക്കും, ബാങ്കുകള്‍ക്ക് പണം വന്ന് കൊണ്ടേ ഇരിക്കും, രാജ്യത്തിന്റെ കട ബാധ്യത കൂടുന്നതിനാല്‍ ആ രാജ്യത്തിലെ സാധാരണക്കാര്‍ കൂടുതല്‍ പാവപെട്ടവര്‍ ആയിക്കൊണ്ടു ഇരിക്കുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്ന പണത്തെ ‘Base Money’ എന്ന് നാമത്തില്‍ വേള്‍ഡ് മാര്‍ക്കറ്റില്‍ കച്ചവട വിനിമയത്തിനു പാകമാകും.
എന്താണ് Base Money? ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തില്‍ അച്ചടിക്കുന്ന നോട്ടുകളേക്കാള്‍ ഡിജിറ്റല്‍ മണിയുടെ അളവ് വളരെ കൂടുതലാണ്, അതിനാല്‍ ബോണ്ടുകള്‍ വഴി ഉണ്ടാകുന്ന പണത്തെ ആ രാജ്യത്തിന്റെ നോട്ടുകള്‍ (പേപ്പര്‍ കറന്‍സി) അല്ലെങ്കില്‍ കാശ് (cash) ആയി കണക്കാക്കും. ഇപ്പോള്‍ അമേരിക്കയില്‍ ഈ ബോണ്ടുകള്‍ നിന്ന് കിട്ടുന്ന പണം മാത്രമേ പ്രിന്‍റ് ചെയ്യപ്പെടുന്ന കറന്‍സി, അതായത് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉണ്ടാവുന്ന പണം, എന്നാല്‍ ഇത് അമേരിക്കയിലെ മൊത്തം പണത്തിന്‍റെ വെറും 3% മാത്രമാണ്, ബാക്കിയുള്ള 97% കറന്‍സികള്‍ നോട്ടായി അല്ല ഡിജിറ്റലിലോ/ചെക്കിലോ മാത്രമേ നില നില്‍ക്കുക ഉള്ളൂ, ഇവ പൂര്‍ണ്ണമായും ബാങ്കുകളുടെ നിയന്ത്രണത്തിലും ആയിരിക്കും . പക്ഷേ ഇതിലെ മറ്റൊരു സംഗതി എന്താണ് എന്ന് വെച്ചാല്‍, ഇങ്ങനെ ഉണ്ടാകുന്ന പണത്തെ സത്യത്തില്‍ ബേസ് മണി (Base Money) എന്ന് പറയാന്‍ കഴിയില്ല, അത് ബേസ് കറന്‍സി (Base currency) ആണ്, ഇവ പേപ്പര്‍ കറന്‍സി അല്ലെങ്കില്‍ നോട്ട് കെട്ടുകള്‍ മാത്രമാകുന്നു, അതിന് ഒരു മൂല്യവും ഇല്ല.
ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിലവില്‍ ഉള്ളപ്പോള്‍ അച്ചടിച്ച ഡോളര്‍ നോട്ട് , ഇതില്‍ എഴുതിയിരിക്കുന്നത് ശ്രദ്ദിക്കുക 'ഈ നോട്ടിന്റെ ഉടമയ്ക്ക് 10 ഡോളറിന് തുല്യമായ സ്വര്‍ണത്തിന്‍റെ ഉടമയാണ് " . ഈ നോട്ട് ബാങ്കില്‍ കൊടുത്തു പകരം സ്വര്‍ണ്ണ നാണയങ്ങള്‍ നമുക്ക് വാങ്ങാന്‍ കഴിയും |
ഫെഡ് ബോണ്ടുകള്‍ വാങ്ങിച്ച് വെച്ചിട്ട് തിരിച്ചു കൊടുക്കുന്ന കറന്‍സികള്‍ (നോട്ട് കെട്ടുകള്‍) വെറും കടലാസ്സില്‍ അച്ചടിച്ച കുറേ അക്കങ്ങള്‍ മാത്രമാണ്, അതായത് ഫെഡും ട്രഷറിയും തമ്മില്‍ കൈമാറുന്ന കുറച്ചു കടപത്രങ്ങളുടെ പേരിലാണ് ഇന്ന് കാണുന്ന കോടിക്കണക്കിന് ഡോളറിന്റെ കറന്‍സികള്‍ ഈ ലോകത്തിലേക്ക് അടിച്ചിറക്കുന്നത്. ഈ അടിച്ചിറക്കുന്ന കറന്‍സിക്ക് തുല്യമായ സ്വര്‍ണ്ണമോ, വെള്ളിയോ (Gold Standard) ഒന്നും ഫെഡോ, സര്‍ക്കാരോ സൂക്ഷിക്കുന്നില്ല, അതായത് ഇന്നത്തെ കറന്‍സിക്ക് ‘Store of Value’ ഇല്ല, ‘ഒരു ഈടും ഇല്ല’ (ഇന്ത്യ ഉള്‍പ്പടെ ഈ ലോകത്തുള്ള 90% രാജ്യങ്ങളും Gold Standard ഉപേക്ഷിച്ച് കറന്‍സി അധിഷ്ഠിതമായ ഫിയറ്റ് കറന്‍സി എന്ന ഈ സമ്പ്രദായം വഴിയാണ് ഇന്ന് ചെലവിനുള്ള പണമുണ്ടാക്കുന്നത്). ഈ കറന്‍സിക്ക് ഉണ്ടാകുന്ന ആകെയുള്ള ഒരു ഈട് ആ രാജ്യത്തിലെ സര്‍ക്കാര്‍ തരുന്ന വാക്കാലുള്ള ഒരു വിശ്വാസമാണ് (നോട്ടില്‍ എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും) അതിന്‍റെ പേരില്‍ ഓരോ രാജ്യത്തിലെ ജനങ്ങള്‍ അങ്ങ് കണ്ണടച്ചു വിശ്വസിക്കണം, വേറെ വഴിയൊന്നുമില്ല വിശ്വസിച്ചേ പറ്റൂ, അതാണ് നിയമം. ‘കറന്‍സിയും’ ‘മണിയും’ തമ്മില്‍ ഉള്ള അന്തരം (കൂടുതല്‍ അറിയാന്‍ വായിക്കൂ )
3. സര്‍ക്കാര്‍ അക്കങ്ങള്‍ അടങ്ങിയ കടലാസ്സുകള്‍ ചിലവാക്കുന്നു
ബാങ്കുകള്‍ വഴി ലേലത്തില്‍ നിന്ന് കിട്ടിയ പുതിയ കറന്‍സികള്‍ ട്രഷറി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് അയയ്ക്കുന്നു, അതാത് വകുപ്പിലെ രാഷ്ട്രീയക്കാര്‍ ആ തുക ഒന്നാന്തരം ചിരിയും ചിരിച്ച് രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു. സര്‍ക്കാരും രാഷ്ട്രീയക്കാരും ഈ തുക കൊണ്ട് ചെലവുകള്‍ നടത്തുന്നു (Deficit Spending) പ്രധാനമായും പോതുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും (ഡാം, റോഡ് പണി മുതലായവ), സാമൂഹ്യ സേവനങ്ങള്‍ക്കും (മെഡിക്കല്‍ കോളേജ്, ആശുപത്രികള്‍ മുതലായവ), യുദ്ധങ്ങള്‍ക്കും (പ്രതിരോധത്തിന് മുടക്കുന്ന തുക) ആയി ആണ്. ഇനി ഈ കറന്‍സികള്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പൊതുമരാമത്ത് പണികള്‍ ഏറ്റെടുക്കുന്ന സ്വകാര്യ കോണ്‍ട്രാക്ടര്‍ മുതലാളിമാര്‍ക്കും , പട്ടാളക്കാര്‍ക്കും ഒക്കെ വരുമാനം ആയി അവരുടെ കയ്യില്‍ എത്തുന്നു, അവര്‍ ആ പണം അവരവരുടെ ബാങ്കുകളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നു.
ബാങ്കുകളില്‍ വരുമാനം നിക്ഷേപം ചെയ്യുന്നവര്‍ ഒന്ന് ശ്രദ്ധിച്ചുകൊള്ളുക. നമ്മള്‍ ഓരോരുത്തരും നമ്മുടെ വരുമാനം ബാങ്കില്‍ നിക്ഷേപിക്കുന്നത് ആ പണം നമ്മുടെ അക്കൌണ്ടില്‍ സുരക്ഷിതമായി ബാങ്കിന്‍റെ നിക്ഷേപമായി കിടക്കും എന്ന് വിശ്വാസത്തില്‍ ആണെല്ലോ. പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ ആ പണത്തിന് ഒരു സുരക്ഷയുമില്ല, കാരണം നമ്മുടെ വരുമാനം ബാങ്കിന് വായ്പയായി(ലോണ്‍) കൊടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. അതായത് ബാങ്കിന്‍റെ നിയമപരിധിയില്‍ നിന്നുകൊണ്ട് തന്നെ ആ പണം അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം (അല്ല ഈ നിയമങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നതും അവര്‍ തന്നെയാണെല്ലോ ). ഉദാഹരണത്തിന് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക, കൂടുതല്‍ സ്വകാര്യ ഓഹരികള്‍ വാങ്ങിക്കുക മുതലായ എന്തും ചെയ്യാം. തീര്‍ച്ചയായിയും ഇതില്‍ നിന്നൊക്കെ ലാഭം എങ്ങനെ പിടിക്കാനും എന്നും ഇവര്‍ക്കറിയാം കേട്ടോ, അല്ലെങ്കില്‍ പൂട്ടി പോകില്ലേ. പക്ഷേ ബാങ്കുകള്‍ നില നില്‍ക്കുന്നത് ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടല്ല, അതെ ഇനിയാണ് പണം നിര്‍മാണ യന്ത്രത്തിന്റെ ഏറ്റവും കിറുക്കന്‍ ഭാഗം വരാന്‍ പോകുന്നത്.