ഹൃദയമില്ലാത്ത കാമുകനും ,ചുവന്നചുണ്ടുള്ള കാമുകിയും-ചെറുകഥ, സിവിന്‍.എം.സ്റ്റീഫന്‍ (Malayalam Shortstory)
എല്ലാം സൃഷ്ടിയാണ്, അവന്‍റെ സൃഷ്ടി, ആ ഒരു ആത്മാവിന്റെ ഭാവന സൃഷ്ടി, ഞാന്‍ കാണുന്ന ഈ ആകാശവും, ഭൂമിയും, ഈ കടലും, ഈ മണല്‍ തരിയും, ഞാനും, ഇവളും എല്ലാം, എന്നാല്‍ ആ ചുവന്ന ചുണ്ടുകള്‍.....ആ ചുണ്ടുകളുടെ സൃഷ്ടി മാത്രമാണ് എന്നെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്, ചുവപ്പിന് ഇത്രയും ഭംഗിയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല, എന്‍റെ കണ്ണുകളിലും മനസ്സിലും ആ ചുണ്ടുകള്‍ മാത്രമാണ്, ആ മുഖം ചുണ്ടുകള്‍ കൊണ്ട് മാത്രം നിറഞ്ഞതാണ് അല്ലെങ്കില്‍ ആ ചുണ്ടുകള്‍ മാത്രം ആയിരിക്കും ആ മുഖം നിറയെ എന്ന് എനിക്ക് തോന്നി പോകുന്നു.
ഈ തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതിനായാണോ സൗന്ദര്യം എന്ന് പറയുന്നത് , എനിക്ക് അറിയില്ല . സൗന്ദര്യത്തിന്‍റെ പല അര്‍ത്ഥതലങ്ങള്‍ എനിക്ക് അനുഭവപെട്ടിട്ടുണ്ട്, എന്നാല്‍ മനുഷ്യ സൗന്ദര്യം ഞാന്‍ അറിഞ്ഞു തുടങ്ങിയത് അവളിലൂടെയാണ് , ആ മുഖം , ആ കണ്ണുകള്‍ , ആ കവിളുകള്‍, ആ ചുണ്ടുകള്‍. എത്രയോ ചുണ്ടുകള്‍ ഞാന്‍ ഇതിനിടെ കണ്ടിരിക്കുന്നു, എന്നാല്‍ ഇത് വളരെ വ്യത്യസ്ത ആയിരിക്കുന്നു ,എന്ത് വ്യത്യസ്ഥത ? അതിനൊരു കൃത്യമായ ഉത്തരം പറയാന്‍ സാധിക്കാതെ എന്നാല്‍ പൂര്‍ണമായും ഒരു വ്യത്യസ്ത ഉണ്ട് എന്ന് മാത്രം ഉറപ്പിക്കാവുന്ന ഒരു പക്രിയ അതാണ് ഈ ആസ്വാദനം. പക്ഷേ എപ്പോഴാണ് ഈ ചുണ്ടുകള്‍ എനിക്ക് വ്യത്യസ്തമായി തോന്നിയത് ? കണ്ട ആദ്യ നിമിഷത്തിലോ തന്നെയോ ? ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്ന ആ വ്യത്യസ്ത ചുണ്ടുകള്‍ എന്ന് എനിക്ക് എങ്ങനെ ഉറപ്പിക്കാന്‍ കഴിഞ്ഞു ? ഇങ്ങനെ കടലിന് നേരെ മുഖം തിരിച്ചു ഇരിക്കുന്ന എന്‍റെ കാമുകിയുടെ ചുണ്ടുകള്‍ കണ്ടു കൊണ്ട് ഒരായിരം ചോദ്യ വലയത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആണ് , അവള്‍ അവളുടെ ലോകോത്തര സംശയം ഉന്നയിച്ചത്.
“നീ ശരിക്കും ആരാണ് ?”
“എനിക്ക് അറിയില്ല , നിനക്ക് എന്ത് തോന്നുന്നു ?”
“ഹൃദയമിലാത്തവന്‍”
“ചരിത്രത്തില്‍ ഇതുവരെ ഒരു കാമുകിയും ഒരു കാമുകനും ഇതിലും നല്ല ഒരു വിശേഷണം കൊടുത്തിട്ടില്ല , പക്ഷേ ഇതെങ്ങനെ മനസ്സിലായി ?”
“നി എന്നേലും നിന്റെ ഹൃദയത്തിലെ നീയായി ജീവിച്ചിട്ടുണ്ടോ ? നിന്റെ ഹൃദയം പറയുന്നത് എന്നെങ്കിലും നി കേട്ടിട്ടുണ്ടോ?”
“പിന്നെ, തീര്‍ച്ചയായും. എല്ലാം ദിവസവും എന്‍റെ ഹൃദയം പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട് , എത്ര.. എത്ര കഥകള്‍ ആണ് എന്‍റെ ഹൃദയം പറഞ്ഞുതരുന്നത് എന്ന് അറിയാമോ?”
“കഥകളോ ? എന്ത് കഥകള്‍ ?”
“എല്ലാം ഹൃദയങ്ങളുടെ കഥകള്‍ ആണ്, എങ്ങനെ ഹൃദയങ്ങള്‍ തമ്മില്‍ കണ്ടു മുട്ടുന്നു എങ്ങനെ അവര്‍ തമ്മില്‍ സംസാരിക്കുന്നു ? എങ്ങനെ ഇരു ഹൃദയങ്ങള്‍ പരസ്പരം തിരിച്ചറിയുന്നു , എങ്ങനെ അവര്‍ ഒന്നാവുന്നു ? അങ്ങനെ അങ്ങനെ എത്ര എത്ര കഥകള്‍ ..."
“എന്നാല്‍ എനിക്ക് ഒരു കഥ പറഞ്ഞു തരുമോ ?”
“പറഞ്ഞുതരാം , പക്ഷേ കഥയുടെ അവസാനം വരെ നി കേള്‍ക്കണം , അത് കഴിഞ്ഞ് മാത്രമേ ഇനി ഒരു അക്ഷരം മിണ്ടാന്‍ പാടൂ.”
“ശരി സമ്മതം “
“ഇത് ചന്ദ്രന്‍റെ കഥയാണ്, നിറംമങ്ങിയ ജീവിതത്തേക്കാള്‍ സ്വപ്നങ്ങളിലെ വര്‍ണങ്ങളില്‍ എന്നും ജീവിക്കാന്‍ കൊതിച്ച ചന്ദ്രന്‍റെ കഥ ”
ചന്ദ്രന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ് , അച്ഛന്‍ കുഞ്ഞുനാളില്‍ തന്നെ മരിച്ചു പോയി , വളര്‍ത്തി വലുതാക്കി ഒരു ജോലിയും നേടി തന്നിട്ട് അമ്മയും ചന്ദ്രനെ തനിച്ചാക്കി , ബന്ധുക്കള്‍ എന്ന് പറയാന്‍ ആരും ഇല്ല. അമ്മ മരിച്ചതിന് ശേഷം വാസുവേട്ടന്റെ കട മുറിയുടെ മുകളിലെ ഒരു കുടുസ്സുമുറിയാണ് ചന്ദ്രന്‍റെ വീട്, അവിടുന്ന് രാവിലെ ഓഫീസിലേക്ക് എത്ര പതുക്കെ നടന്നു പോയാലും ഇരുപത് മിനുട്ടില്‍ കൂടുതല്‍ എടുക്കൂല . ഒറ്റയാന്‍ ജീവിതം കല്യാണ പ്രായം ആയെങ്കിലും കല്യാണത്തെ കുറിച്ച് ആ പാവം ചിന്തിച്ചിട്ട് പോലും ഇല്ല , അതെങ്ങനെയാ, സമയാസമയങ്ങളില്‍ ജീവിതത്തില്‍ വേണ്ടത് എന്താണ് എന്ന് പറഞ്ഞു കൊടുക്കാന്‍ കൂട്ടിനു ആരും ചന്ദ്രന്‍റെ ഒപ്പം ഇല്ലല്ലോ ,കൂടാതെ വാസുവേട്ടന്റെ കാര്യം പറയുക ആണേല്‍, ചന്ദ്രന്‍ വിവാഹം കഴിക്കാതെ നടക്കുന്നത് തന്നെയാണ് പുള്ളിക്ക് ലാഭം അല്ലെങ്കില്‍ ഈ കുടുസ്സ് മുറിക്കു ഈ ലോകത്തില്ലാത്ത ഒരു വാടക ആരും കൊടുക്കില്ലല്ലോ . ചന്ദ്രന്‍ കാര്യമായി ചെലവു ഒന്നും ഇല്ലാത്തോണ്ട് ഒന്നും ചോദിക്കാനും പോകാറില്ല. ചന്ദ്രന്‍റെ ജീവിത ക്രമത്തിന് വലിയ മാറ്റങ്ങള്‍ ഒന്നുമില്ല . രാവിലെ 5.30 ക്ലോക്കില്‍ അലറാം അടിക്കും ,അതിലെ സ്നൂസ് ബട്ടണ്‍ അമര്‍ത്തി വീണ്ടും കുറച്ച് നേരം കൂടി ഉറങ്ങും 5.55 ആകുമ്പോള്‍ വാതിലിന് അടിയിലൂടെ പത്രം വരും , 6 മണി കഴിയുമ്പോള്‍ ചായേയും കൊണ്ട് വാസുവേട്ടന്‍ കതക് മുട്ടും , എത്ര വലിയ ഉറക്കം ആണേലും ഈ കതകു മുട്ടില്‍ ആരായാലും തോറ്റ് അടിയറവ് വെച്ച് ഉണര്‍ന്നു പോകും , പിന്നെ ചായ കുടിച്ചു, കുളിച്ച് ഒരുങ്ങി 8.30 ആകുമ്പോള്‍ മുറി പൂട്ടി ഇറങ്ങും. ഓഫീസില്‍ പോയി ആരോടും മിണ്ടാതെ അവിടെ ഇരുന്ന് ആരും അറിയാതെ പണി എടുക്കുന്നത് ആണ് ഇഷ്ടം , 5.30 മണിക്ക് തിരിച്ചു മുറിയില്‍ വരും എന്തേലും ചെറുതായി പാകം ചെയ്തു കഴിക്കും, പിന്നെ പെട്ടെന്ന് കട്ടിലില്‍ ഒരു കിടപ്പ് ആണ്, ഈ കട്ടില്‍ ആണ് ചന്ദ്രന്‍റെ ലോകം, ചന്ദ്രന്‍റെ സന്തോഷവും, സമാധാനവും, ആശ്വാസവും എല്ലാം അവിടെ മാത്രമാണ് കുടികൊള്ളുന്നത്.
ചന്ദ്രന്‍ കഴിക്കുന്നതിലും, കുടിക്കുന്നതിലും ഏറെ പ്രധാനം ഉറങ്ങുന്നതിലാണ് , ദിവസവും 10 മണിക്കൂര്‍ എങ്കിലും ഉറങ്ങണം അതാണ് ചന്ദ്രന്റെ ഏക ഉദ്ദേശം , മറ്റൊന്നും കൊണ്ട് അല്ല , ചന്ദ്രന്‍റെ ഉറക്കങ്ങളില്‍ സ്വപ്നം കാണാത്ത രാത്രികള്‍ ഇല്ല.ഭൂമിയിലെ കണ്ണുകളുടെ തിരശീല അടയുമ്പോള്‍ ഉടന്‍ തന്നെ വര്‍ണങ്ങളില്‍ നിറഞ്ഞ സ്വപ്ന ലോകത്തിന്റെ കവാടം തുറന്ന് എന്നും ചന്ദ്രന് വേണ്ടി മാത്രം കാത്തു നില്‍ക്കുന്നുണ്ടാകും, ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ചന്ദ്രന്‍ പകലിലെ മണിക്കൂറുകള്‍ തള്ളിനീക്കി കാത്തിരിക്കുന്നത് , ഈ സ്വപ്നങ്ങള്‍ക്ക് വേണ്ടി , ആരുടെയും കുത്തിയിറക്കുന്ന നോട്ടങ്ങള്‍ കാണേണ്ട, ആരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ,ആരുടെയും കീഴില്‍ ജോലി ചെയ്യേണ്ട , ചന്ദ്രന്‍റെ സ്വന്തം ലോകം , സ്വന്തം ഇഷ്ടങ്ങള്‍ , സ്വന്തം തീരുമാനങ്ങള്‍ , തോന്നുന്ന സമയത്ത് തോന്നും പോലെ തോന്നുന്ന വിധം എവിടെയും പോകാം, നടക്കാം, ഓടാം, ചിലപ്പോള്‍ പറക്കുകയും ആകാം , പക്ഷേ ഇതുവരെ പാര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല , എത്ര, എത്ര... കാര്യങ്ങള്‍ സ്വപ്നങ്ങളില്‍ കൂടി ചന്ദ്രന് സാധിക്കാന്‍ ആയി , ബൈക്ക് ഓടിച്ചു , സിനിമയിലെ ആക്ഷന്‍ ഹീറോയെ പോലെ നാടിനെ രക്ഷിച്ചു , പക്ഷേ രണ്ട് കാര്യങ്ങള്‍ മാത്രം ഇതുവരെ നടന്നിട്ടില്ല അതില്‍ ഒന്നാമത്തെയാണ് ഈ പറക്കുന്ന ആഗ്രഹം, പക്ഷികളെ പോലെ മേഘങ്ങളും തൊട്ടുരുമി കാറ്റിനെ തലോടി ഒരു തൂവല്‍ പോലെ ഒഴുകി.. ഒഴുകി... തെന്നലായി ചെറിയ തുള്ളികള്‍ ആയി ...ഒന്നാമത്തെ ആഗ്രഹം നടന്നിലേല്ലും സാരമില്ല, രണ്ടാമത്തെയാണ് പ്രധാനം , സംസാരിച്ചു കൂട്ടിരിക്കാന്‍ ഒരു സുഹൃത്തിനെ , ഒരു പെണ്‍കുട്ടിയെ, ഒരു ഇണയെ . എത്രയോ പുരുഷന്‍മാര്‍ സ്വപ്നത്തിലൂടെ വന്ന് പോയിരിക്കുന്നു അതിലെല്ലാം ചന്ദ്രന്‍ ആ മുഖം തിരയും ഒരു പെണ്മുഖം, ഇതുവരെ കണ്ടിട്ട് ഇല്ല . സാധാരണയായി എല്ലാ ദിവസവും സ്വപ്നം കാണാറുണ്ടേല്ലും , രണ്ട് തരത്തില്‍ തിരിക്കാന്‍ ഉള്ള സ്വപ്നങ്ങളെ പ്രധാനമായി കാണാറുള്ളൂ. ഒന്നെങ്കില്‍ കുറേ പുരുഷന്മാര്‍ മാത്രം ചലിക്കുന്ന ഒരു തെരുവിന്‍റെ മധ്യത്തില്‍ തനിയെ എന്തോ ആലോചിച്ചു നില്‍ക്കുന്നതായി , അറിയാത്ത ലോകം, അറിയാത്ത മനുഷ്യര്‍ അതുകൊണ്ട് അങ്ങോട്ട് ഒന്നും ചോദിക്കില്ല, ഇങ്ങോട്ടും ഒന്നും ചോദിക്കില്ല , പക്ഷേ ഓരോ ദിവസവും ഓരോ പുതിയ സ്ഥലങ്ങള്‍ ആയിരിക്കും. രണ്ടാമത്തെ ആണെങ്കില്‍ ,അത് തീരെ തനിച്ചു ആയിരിക്കും ,അത് ഒരു മലയില്‍ ആയിരിക്കും , അല്ല കുന്നുകള്‍ ,മനോഹരമായ പച്ച കുന്നുകള്‍ ,അതില്‍ കയറി നിന്നാല്‍ മേഘങ്ങളെ തലോടാം നമുക്ക് , അവിടെ ഇങ്ങനെ ഏകാന്തതയിലോട്ട് തുറിച്ചു നോക്കും , അങ്ങനെ ഇരിക്കും, മേഘങ്ങളെ തലോടുന്ന ഒരു തണുത്ത കാറ്റും കൂട്ടിന് കാണും, എന്നാല്‍ എപ്പോഴും തനിച്ചു ഇരിക്കുമ്പോള്‍ തല അറിയാതെ ഇടത്തോട്ട് ചരിച്ച് നോക്കി പോകും, കൂടെ ആരെങ്കിലും ഉണ്ടോ എന്ന് അറിയാന്‍, ആരും ഉണ്ടാവില്ലെന്നും, തീര്‍ച്ച ഉണ്ടായിട്ടും ഈ പതിവ് തുടര്‍ന്നു കൊണ്ടേ ഇരുന്നു. കാത്തിരിപ്പ്... കാത്തിരിപ്പ് അവള്‍ക്കു വേണ്ടി, എന്‍റെ ഇണയ്ക്ക് വേണ്ടി, ജീവന്റെ പാതി ആണ് ഒരു പെണ്ണ് എന്നാണ് പറയുന്നത് .ആ ജീവന്റെ പാതി എന്നില്‍ ഇതുവരെ എത്തി ചേര്‍ന്നിട്ട് ഇല്ല അപ്പോള്‍ ഈ പകുതി ജീവന്‍ കൊണ്ട് എന്ത് പ്രയോജനം .അവള്‍ ഒരു അഗ്നി ആണെങ്കില്‍ അതില്‍ ഉരുകി തീരണം , അവള്‍ ഒരു മേഘം ആണെങ്കില്‍ അതില്‍ തുള്ളികളായി അലിഞ്ഞു ചേരണം............
ജീവിതത്തിന് അര്‍ഥം അവളാണ് , അര്‍ഥം ഇല്ലാത്ത ജീവിതം മുന്നോട്ടു പോകുന്നത് ഒരു ദൃക്സാക്ഷി ആയി മാറി നിന്ന് ഞാന്‍ കാത്തിരുന്നു. ദിവസങ്ങള്‍ മാറ്റമില്ലാതെ മുന്‍പോട്ടു പോകുന്നു , ഒരു ദിവസം ഓഫീസില്‍ ജോലിക്ക് പോയപ്പോള്‍, പുതുതായി ജോലിക്ക് വന്നയാള്‍ക്ക് സ്വീകരണം ആയിരുന്നു , വന്നത് ആരായാലും അത് ഒന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല, ആരോ പറഞ്ഞു ഒരു പെണ്‍ കുട്ടിയാണെന്ന് ,ഓഫീസില്‍ ഇരുന്നു ജോലി ചെയുന്നതും മിന്നായം പോലെ ഒന്ന് കണ്ടു, തിരിച്ചു വീട്ടില്‍ വന്ന് പെട്ടെന്നു തന്നെ കിടന്നു .അങ്ങനെ വീണ്ടും രണ്ട് ദിവസം കൂടി കടന്നു പോയി , പിന്നീട് ഒരു രാത്രി, മെല്ലെ, മെല്ലെ രാത്രിയുടെ ആഴങ്ങളിലേക്ക് നയിക്കുന്ന, ഇരുട്ടിന്റെ യാമിനിയില്‍, ശോഭിക്കുന്ന വര്‍ണ്ണമുള്ള നിലാവില്‍ തീര്‍ത്ത രാത്രിയില്‍ മൂടിയ കണ്ണുകളില്‍ ഉള്ളിലൂടെ അത് കണ്ടു, ലോകത്തെ ഏറ്റവും മഹനീയ സൃഷ്ടി സൗന്ദര്യം, ‘സ്ത്രീ’. അവള്‍ തനിച്ചു ഇരിക്കുക ആയിരുന്നു ,വിദൂരതയില്‍ നോക്കി , ഞാന്‍ എന്നും ഇരിക്കുന്ന അതേ കുന്നിന്‍ മേല്‍ ,ആരെയോ കാത്തിരിക്കും പോലെ , എന്നെയാണോ? . ഞാന്‍ അടുത്ത് വന്ന് പുറകില്‍ ആയി നിന്നു ,അവള്‍ അറിഞ്ഞില്ല, സാധാരണയായി എനിക്ക് സ്ത്രീകളോട് സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് ആണ് ,സ്വപ്നത്തില്‍ കൂടി ആണെങ്കിലും , പക്ഷെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞാന്‍ ചോദിച്ചു, ‘ഈ സൗന്ദര്യം എത്ര വലുതാണ് , ഭൂമിയില്‍ ഏറ്റവും മികച്ച സൌന്ദര്യ സൃഷ്ടിയെ ഞാന്‍ കണ്ടു കഴിഞ്ഞു ,ഇനി എനിക്ക് മരണം അടഞ്ഞാലും സാരമില്ല’ .പക്ഷേ അവള് ഒന്നും മിണ്ടി ഇല്ല , ഒന്ന് അനങ്ങിയത് പോലും ഇല്ല, ഞാന്‍ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ?ഞാന്‍ കുറച്ചു കൂടി അടുത്തേക്ക് പോയി , പക്ഷേ അവിടെ ആരും ഉണ്ടായിരുന്നു ഇല്ല, അപ്പോള്‍ ആരോട് ആണ് ഞാന്‍ സംസാരിച്ചേ? പിറ്റേന്ന് ഉറക്കം എണീറ്റപ്പോളും, ഇത് തന്നെ ആണ് എന്‍റെ മനസ്സ് നിറയെ, ആരാണ് അവള്‍? എത്ര ആലോചിച്ചിട്ടും മുഖം ഓര്‍ക്കാന്‍ കഴിയുന്നില്ല , അതോ മുഖം കണ്ടില്ലേ? അറിയില്ല, ഒന്നും അറിയില്ല , ചിലപ്പോള്‍ ഈ വിരൂപന്റെ അടുത്ത സ്ത്രീ പാപം ആയിരിക്കും ഞാന്‍ എന്നും ഒറ്റയ്ക്ക് ഏകാന്ത ജീവിതം തന്നെ നയിക്കണം എന്നും ഈ പ്രപഞ്ചം മുഴുവന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കും. ഹേ, പ്രപഞ്ചമേ...! ഒരു ചോദ്യത്തിന് മാത്രം ഉത്തരം തരൂ ഇവിടെ ഞാന്‍ എന്തിന് നില കൊള്ളുന്നു ,എന്തിന് എന്‍റെ ജീവന്‍ ഇങ്ങനെ നില നിര്‍ത്തുന്നു .....
അന്ന് രാത്രി നേരത്തെ ഉറങ്ങാന്‍ കിടന്നപ്പോളും ഇതേ കാര്യം ആണ് മനസ്സില്‍ കരുതിയത് ,ഒന്ന് കൂടി അവളെ കാണാന്‍ കഴിഞ്ഞെങ്കിലോ എന്ന് ആഗ്രഹിച്ചു . സഫലമായി, അതെ അന്നും ഞാന്‍ അവളെ കണ്ടു , ഇന്ന് കടല്‍തീരത്ത് ഇരിക്കുക ആണ് ,തിരകളുടെ അടുത്ത് , ഓരോ തിരയും നെഞ്ചില്‍ വന്ന് അടിക്കും പോലെ എനിക്ക് തോന്നി , ഒരു കടല്‍ തന്നെ എന്നെ മുക്കി കളഞ്ഞാലും സാരമില്ല എന്ന് എനിക്ക് അപ്പോള്‍ തോന്നി .ഞങ്ങള്‍ രണ്ടു പേരും അതില്‍ അലിഞ്ഞു എങ്കിലും ഒന്ന് ചേരട്ടെ എന്ന് ആഗ്രഹിച്ചു ...
അവളുടെ വലത്തേ ചുമലിന്റെ പുറകില്‍ വന്ന് നിന്ന് അവളോട് ഞാന്‍ ആദ്യം പേര് ചോദിച്ചു ,നിശബ്ദത, പിന്നെയും എന്തൊക്കെയോ ചോദിച്ചു , ഒന്നിനും മറുപടി ഇല്ല , മുന്‍പില്‍ ചെന്ന് നിന്ന് മുഖാമുഖം നിന്ന് പേര് ചോദിക്കാം , പക്ഷേ ആ സുന്ദരി ഭയപ്പെട്ട് പോയാലോ , വേണ്ട അത് വേണ്ട , അതിനു മുതിര്‍ന്നില്ല. ലോകമേ! ചെവി കോര്‍ക്കുക, ഈ സുന്ദരി ആരാണെന്ന് പറഞ്ഞു തരുക , അവള്‍ ആരാണ്? അവള്‍ക്ക് എന്താണ് വേണ്ടത് ? ,അവളുടെ ആ മധുര സംഗീത നാദം കേള്‍ക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്ന് പറഞ്ഞ് തരിക? അവള്‍ക്ക് ആരാണ് കൂട്ട്, അവള്‍ തനിച്ചാണോ ? ,അവള്‍ കറുത്തതോ വെളുത്തതോ അറിയില്ല ,ഈ വിരൂപന്റെ മനസിന് കുളിര്‍മ്മ ചൊരിയാന്‍ വന്ന് അപ്സര സുന്ദരി ആരാണ് എന്ന് അറിയാതെ ഈ കാലം ഒക്കെയും ഞാന്‍ എങ്ങനെ കഴിഞ്ഞു കൂടും , ദൈവമേ എന്തിന് ഈ പരീക്ഷണം . മറ്റൊരു ചിന്തകളും എന്നില്‍ ഇല്ല ,ഉണര്‍വിലും ഉറക്കത്തിലും അവള്‍, ഈ ലോകം ഒന്നും എന്‍റെ കണ്മുപില്‍ ഇല്ല, അങ്ങനെ... അങ്ങനെ വീണ്ടും ഒരു അസാധാരണവും ഇല്ലാത്ത നാളുകള്‍ നീങ്ങി , ചിതലരിക്കുന്ന ജീവിതത്തിന്റെ മുരടിപ്പുകള്‍ . ഞാന്‍ കാത്തിരുന്നു അവള്‍ക്ക് വേണ്ടി, പക്ഷേ അത് നടന്നില്ല, എന്‍റെ പ്രിയപ്പെട്ട നിദ്രയും എന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയിരിക്കുന്നു.
പിന്നീടുള്ള ദിവസങ്ങള്‍ വീര്‍പ്പുമുട്ടലിന്റെ ദിനങ്ങള്‍ ആയിരുന്നു, ഉറക്കം തീരെ കിട്ടുന്നില്ല , ഉറങ്ങാന്‍ കഴിയാതെ സ്വപ്നം കാണാന്‍ കഴിയാതെ എങ്ങനെ, എങ്ങനെ ജീവിക്കും , എന്‍റെ ജീവന്‍ ,എന്‍റെ എല്ലാം, അവള്‍ അവിടെ ഉണ്ട് , അവള്‍ എന്നെ കാണാതെ പേടിച്ചു ഇരിക്കുക ആയിരിക്കും ,ഒരു നിമിഷം കൂടി അങ്ങനെ ഒന്ന് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ വീര്‍പ്പുമുട്ടി പിടയുന്നു. ജോലിക്ക് പോകുന്നത് തീരെ മടുത്തു , ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല , പക്ഷേ നല്ല ഉറക്കത്തിന് ഭക്ഷണം കൂടിയേ തീരൂ ,അതിനാല്‍ മാത്രം. അങ്ങനെ ഇരിക്കെ രണ്ട് ആഴ്ചത്തെ അവധി കൊടുക്കാന്‍ ആയി ഞാന്‍ ഓഫീസില്‍ പോകാനായി തെരുവില്‍ ഇറങ്ങിയതും , ഒരു വണ്ടി വന്ന് കുറുക്കു ചാടിയതും ഒന്നിച്ചായിരുന്നു, എന്‍റെ തെറ്റ് അല്ല ,എന്നിട്ടും എനിക്ക് ദേഷ്യം വന്നില്ല ,കൂടാതെ അത് ഒരു പെണ്‍കുട്ടി കൂടി ആയിരുന്നു , അവള്‍ ക്ഷമ ചോദിക്കാന്‍ മുതിരും പോലെ തോന്നി , ആ മുഖം കണ്ട പരിചയം ഉണ്ടോ, ആ പുതിയ ഉദ്യോഗസ്ഥയുടെ ,അല്ല , അറിയില്ല, അറിയുകയും വേണ്ട, എനിക്ക് ആരുടെയും മുഖവും കാണേണ്ട ,എന്‍റെ കാമുകിയുടെ ഒഴിച്ച്, അതുകൊണ്ട് ഒന്നും പറയാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗത്തില്‍ മുന്‍പോട്ട് നടന്നു. അവധിയ്ക്കുള്ള അനുമതി ആയി വരുമ്പോള്‍ പുറകില്‍ നിന്ന് എവിടെയോ ഒരു ചോദ്യം ഉണ്ടായി . ‘ചന്ദ്രന്‍ സര്‍ വളരെ ക്ഷീണിതന്‍ ആണെല്ലോ ,എന്താ ഒരു വയ്യായ്ക ?’ അതിന് ഒരു മറുപടി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല, വാക്കുകള്‍ എല്ലാം എന്നില്‍നിന്നു അപ്രത്യക്ഷം ആയത് പോലെ, പക്ഷേ ഉത്തരത്തേക്കാള്‍ എന്നെ അലട്ടിയത് , ചോദ്യ ഉത്ഭവം ആണ്, പുതിയതായി വന്ന അ ഉദ്യോഗസ്ഥ, എന്തിന് എന്നോട് സംസാരിക്കുന്നു. ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി, പോരും വഴി കുറേ ഉറക്ക ഗുളികയും വാങ്ങിച്ചു , ഇന്ന് രണ്ടില്‍ ഒന്ന് അറിയുക തന്നെ വേണം.
രാത്രി വൈകി എപ്പോഴോ കണ്ണുകള്‍ അടഞ്ഞു ,ഞാന്‍ നടന്നു മണലിലൂടെ, ചരലുകളിലൂടെ, പുല്‍ മേടുകളിലൂടെ , അവസാനം ആ കുന്നിന്‍ ചരുവില്‍ എത്തിച്ചേര്‍ന്നു . ഞാന്‍ ചുറ്റിനും നോക്കി പക്ഷേ ആരെയും കണ്ടില്ല , എന്താണ് യാഥാര്‍ത്ഥ്യത്തില്‍ സംഭവിക്കുന്നത് , അവള്‍ .... അവള്‍ ....അവള്‍ ഒരു മരീചിക ആണോ ? ക്ലോക്ക് അലറാം ശബ്ദിക്കുന്നു . അവളെ എനിക്ക് കാണണം, എന്നില്‍ നിറയണം ,എന്നിലെ ദാഹം ശമിക്കണം ,പക്ഷേ എവിടെ. പത്രം വാതിലിന് അടിയിലൂടെ വരുന്നു. അപ്പോള്‍ ഒരു മിന്നായം പോലെ ഞാന്‍ കണ്ടു ആ സൗന്ദര്യം രൂപം ,വിശ്വ സൗന്ദര്യം, അതേ അതെ അവള്‍ ... ആരോ വാതിലില്‍ വന്ന് മുട്ടി .ഞാന്‍ അവളോട് ചോദിച്ചു ഒന്ന് തിരിഞ്ഞു നോക്കി കൂടെ, ഞാന്‍ എവിടെയെല്ലാം തിരഞ്ഞു, അവള്‍ അതിനു മാധുര്യമേറിയ ഒരു മറുപടിയും പറഞ്ഞു , ‘ഞാന്‍ എത്ര നേരമായി കാത്തിരിക്കുന്നു’ , ആ ഗന്ധര്‍വ സംഗീതത്തില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു, അതിനാല്‍ എനിക്ക് ഒരു മറുപടി കൊടുക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഞാന്‍ അവളുടെ മുന്‍പില്‍ മുട്ട് കുത്തി വീണു, കണ്ണുകള്‍ നിറഞ്ഞൊഴുകി, ശ്വാസം നിലയ്ക്കുന്നതും പോലെ , എന്നാല്‍ എന്നിലുള്ള എന്‍റെ എല്ലാ ജീവനും എടുത്ത് ‘ഞാനും’ എന്ന് മറുപടി പറയാന്‍ കൊതിച്ചു, പക്ഷേ ‘ഞാന്‍’ എന്ന് പോലും പൂരിപ്പിക്കാന്‍ കഴിയാതെ ഞാന്‍... ഞാന്‍........... നിശ്ചലം , നിമിഷ സുന്ദരം , നിര്‍വൃതി , ശാശ്വതം....... കതക് ഘോരമായി തുറന്ന് ആരോ നില വിളിക്കുന്ന ശബ്ദം , ‘ ചന്ദ്രന്‍ സര്‍ ’, ആ മുറിയില്‍ ആദ്യമായും അവസാനം ആയും കേട്ട ആ സ്ത്രീ സ്വരം ചുറ്റും മാറ്റൊലി കൊണ്ടു ....
‘പരസ്പരം അറിയാതെ പോയ രണ്ട് ഹൃദയങ്ങള്‍ ,അവരുടെ കഥ അങ്ങനെ അവിടെ അവസാനിച്ചു, ഇനി നിനക്ക് സംസാരിക്കാം ’
‘ജീവിതവും , സ്വപ്നവും ഒന്നിച്ചു കൊണ്ട് പോകാന്‍ ആയില്ല , ആകുകയുമില്ല ചന്ദ്രനും നിങ്ങള്‍ക്കും’
‘എനിക്കോ ?’
‘അതെ , അതുകൊണ്ട് തന്നെ ആണെല്ലോ കഥയിലെ ചന്ദ്രന്‍ പകുതിയില്‍ ‘ഞാന്‍’ ആയി തീര്‍ന്നതും . അല്ലെങ്കിലും ഞാന്‍ പറഞ്ഞത് തന്നെയാണ് സത്യം . നീയും, ചന്ദ്രനും , നിങ്ങളെല്ലാം ഒരു വര്‍ഗം ആണ് ‘ഹൃദയമില്ലാത്തവര്‍’ . നിങ്ങള്‍ എല്ലാം അറിയുന്നു എന്ന കരുതുന്ന ഈ ഹൃദയം , ഈ പറഞ്ഞതൊന്നുമല്ല, അത് ഇതിനെല്ലാം മേലെ എത്രയോ മഹനീയമായ ഒന്നാണ് , എത്രയോ പരിശുദ്ധം ആണ് , ഹൃദയങ്ങളെ കുറിച്ച് ഒരു ചുക്കും നിങ്ങള്‍ക്ക് അറിയില്ല , അത് തൊട്ട് അടുത്ത് ഉണ്ടെങ്കിലും, നിങ്ങള്‍ തിരിച്ചറിയുക പോലുമില്ല , നിനക്ക് ഞാനും മിഥ്യ ആണ് , ഈ സ്നേഹവും മിഥ്യ ആണ്, എന്തിന് ഈ മണല്‍ തരിയും ,ഈ കടലും, ഈ ആകാശവും എല്ലാം, ഒന്നും നിന്റെ കണ്ണില്‍ പെടുന്നില്ല , എല്ലാം മറ്റൊരു ലോകത്തില്‍ നിന്ന് വന്നത് പോലെയാണ് നി പെരുമാറുന്നതും , ഇനി ഒരു നിമിഷം കൂടി ഞാന്‍ ഇവിടെ നില്‍ക്കില്ല , നി എന്നെ അര്‍ഹിക്കുന്നില്ല, ഞാനും ഈ കടലില്‍ അലിഞ്ഞു ചേരാന്‍ പോകുക ആണ് ’
‘പോകരുത് , എനിക്ക് പറയാന്‍ ഉള്ളത് കൂടി കേള്‍ക്കൂ ,പോകരുത്...പോകരുത്... ’
ഇല്ല അവള്‍ അകന്നു ആ ചുവന്ന ചുണ്ടുകള്‍ എന്നില്‍ നിന്ന് മറഞ്ഞു , കടലില്‍ മുങ്ങി പോയോ, അതോ വായുവില്‍ അലിഞ്ഞു ചേര്‍ന്നോ? കടലില്‍ ഇറങ്ങി ചെന്ന് ഞാന്‍ നോക്കി ,കണ്ണില്‍ ഒരു മങ്ങല്‍, വെള്ളം തല വരെ മൂടി , ചുറ്റും ഒരു വല്ലാത്ത ഇരുട്ട്, ശ്വാസം മുട്ടുന്നത് പോലെ ,ഒന്നും മനസ്സില്‍ ആകുന്നില്ല.... ഞാന്‍...... ഞാന്‍ ......
കണ്ണ് തുറന്നു , മങ്ങല്‍ മാറി , ഇപ്പോള്‍ എല്ലാ വ്യക്തമായി കാണാം, മുകളില്‍ ഫാന്‍ കറങ്ങുന്നുണ്ട്, ഒന്നും അറിയാതെ സാവധാനം നീങ്ങുന്ന പ്രപഞ്ച നാഴിക,
“ആ എണീറ്റോ !! ഞാന്‍ വിചാരിച്ചു ഇന്ന് ഇനി ഉറക്കം എണീക്കുന്നില്ല എന്ന് , എന്തൊക്കെ പിച്ചും പേയും ആണ് ഈ ഉറക്കത്തില്‍ പറയുന്നത് , ചുമ്മാതല്ല നിങ്ങള്‍ ഒരു സ്വപ്ന ജീവി ആണെന്ന് എല്ലാവരും പറയുന്നത് ,എനിക്ക് അടുക്കളയില്‍ പണി ഉണ്ട്, ഞാന്‍ പോകുവാ ..... ”
സിവിന്‍ എം സ്റ്റീഫന്‍